LatestThiruvananthapuram

ജലാശയങ്ങളിലെ മാലിന്യം നീക്കുന്നതില്‍ പുതിയ സംവിധാനം വലിയ മാറ്റമുണ്ടാക്കും

“Manju”

തിരുവനന്തപുരം: ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കുന്നതില്‍ സില്‍റ്റ് പുഷറിന്റെ ഉപയോഗം വലിയമാറ്റമുണ്ടാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലസേചന വകുപ്പ് വിവിധ ശുചീകരണ പദ്ധതികളുടെ ഭാഗമായി വാങ്ങിയ സില്‍റ്റ്പുഷറിന്റെ ട്രയല്‍ റണ്‍ ആക്കുളം കായലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജലാശയങ്ങളിലെ ചെളിനീക്കം ചെയ്യുന്നതിന് വാട്ടര്‍ ബുള്‍ഡോസറായി ഉപയോഗിക്കാവുന്ന മെഷീനാണ് നെതര്‍ലാന്‍ഡ്സ് നിര്‍മിതമായ സില്‍റ്റ് പുഷര്‍.

നിലവില്‍ ആഴത്തില്‍ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള സംവിധാനം നമുക്കില്ല. സില്‍റ്റ് പുഷര്‍ ഒന്നരമീറ്റര്‍ താഴേക്ക് ഇറങ്ങിച്ചെന്ന് ചെളി നീക്കം ചെയ്യുന്നതിനൊപ്പം ഇരു വശങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ഡോസര്‍ ബ്ലേഡ് ആറ് മീറ്റര്‍ വീതിയില്‍ പായലുകളും കരയിലേക്ക് മാറ്റാന്‍ സഹായിക്കും. ഒരു മണിക്കൂറില്‍ 100 ക്യുബിക് മീറ്റര്‍ പ്രദേശത്തെ ചെളി നീക്കാന്‍ ഈ മെഷീന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചെളിനീക്കം ചെയ്യുന്നതിന് ഈ മെഷീന്‍ പ്രയോജനപ്പെടുത്താം. നിലവില്‍ ഒരു മെഷീനാണ് വാങ്ങിയിട്ടുള്ളത്. പ്രയോജനപ്രദമെന്നു കണ്ടാല്‍ കൂടുതല്‍ മെഷീനുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ഡ് കൗണ്‍സിലര്‍ എസ്. സുരേഷ് കുമാര്‍, ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഡി.സതീശന്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രദീപ് കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button