IndiaLatest

ധീരജവാന്മാരുടെ സ്മരണയില്‍ രാജ്യം; ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി ; പുല്‍വാമ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍, വീരമൃത്യു വരിച്ച സിആര്‍പിഎഫ് സേനാംഗങ്ങളെ സ്മരിച്ച്‌ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ സൈനികമേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചു. അവരുടെ ധീരതയും പരമമായ ത്യാഗവും കരുത്തുള്ള ഒരു രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രേരിപ്പിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കരസേന മേധാവി എം.എം.നരവനെ ഉള്‍പ്പെടെയുള്ളവരും ആദരമര്‍പ്പിച്ചു.

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ ആചാരപരമായ ദുഃഖാചരണത്തേക്കാള്‍ കൂടുതല്‍ അര്‍ഹിക്കുന്നെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പറഞ്ഞു. ‘എന്തു പിഴവാണ് സംഭവിച്ചത്? എന്തുകൊണ്ട്? ഈ ദുരന്തത്തിലേക്ക് നയിച്ച ഗുരുതരമായ പിഴവുകള്‍ക്ക് ആരാണ് ഉത്തരവാദി? ഇനിയൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്താണ് ചെയ്യുന്നത്? ഇവയെല്ലാം വ്യക്തമാക്കുന്നത് അവരുടെ സ്മരണയെ ആദരിക്കാനുള്ള ഉചിതമായ മാര്‍ഗമായിരിക്കും.’- തരൂര്‍ ട്വീറ്റ് ചെയ്തു.

2019 ഫെബ്രുവരി 14നാണു രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണമുണ്ടായത്. സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്കു സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഭീകരന്‍ ഇടിച്ചുകയറ്റുകയായിരുന്നു. 40 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരനും പുല്‍വാമ സ്വദേശിയുമായ ആദില്‍ (22) ആണ് ആക്രമണം നടത്തിയത്. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. പുല്‍വാമയ്ക്കുള്ള മറുപടിയായിട്ടാണു പാക്ക് അധീന കശ്മീരിലെ ബാലാക്കോട്ടിലെ ഭീകര ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്.

Related Articles

Back to top button