LatestThiruvananthapuram

ആസാദി കാ അമൃത് മഹോത്സവ്: ശാസ്ത്ര സാങ്കേതിക വിദ്യാവാരം ഇന്ന് മുതല്‍

“Manju”

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ കാര്യാലയവും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സംയുക്തമായി ഇന്നു (ഫെബ്രുവരി 22) മുതല്‍ 28 വരെ വിജ്ഞാന്‍ സര്‍വത്രേ പൂജ്യതേ (വിജ്ഞാനം സര്‍വ്വ സംപൂജ്യം) എന്ന ശാസ്ത്ര സാങ്കേതിക വിദ്യാവാരം രാജ്യത്തെ 75 കേന്ദ്രങ്ങളില്‍ ആഘോഷിക്കും.

കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നേതൃത്വം നല്‍കും. തിരുവനന്തപുരത്ത് പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചടങ്ങ് നടക്കുന്നത്. 23ന് ശാസ്ത്ര സാങ്കേതിക ചരിത്രത്തിലെ 75 നാഴികക്കല്ലുകള്‍ എന്ന വിഷയത്തിലും, 24ന് ആധുനിക ഇന്ത്യന്‍ സാങ്കേതിക രംഗത്തെ നാഴികക്കല്ലുകള്‍ എന്നതിലും, 25ന് തദ്ദേശീയ ശാസ്ത്ര രംഗത്തെ നവീന ആശയങ്ങളും കണ്ടുപിടുത്തങ്ങളും എന്നതിലും, 26ന് സിനിമ, ഗാനം, സാഹിത്യം എന്നതിലും, 27ന് ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നോട്ടുള്ള ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ എന്നതിലും ശില്പശാല നടക്കും. ദേശീയ ശാസ്ത്ര ദിനമായ ഇരുപത്തി എട്ടിന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.

ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകളെ ആസ്പദമാക്കി 25ന് രാവിലെ 10.30 മുതല്‍ ഇന്റര്‍ സ്‌കൂള്‍ തല മല്‍സരങ്ങള്‍ പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ഹൈസ്‌കൂള്‍, യു.പി വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസം, പ്രസംഗം, ചിത്രരചനാ മല്‍സരങ്ങളും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മല്‍സരവും ആണ് സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. പരിപാടിയുടെ ഭാഗമായി സയന്‍സ് ഫോട്ടോ പ്രദര്‍ശനം, ശാസ്ത്ര എക്‌സിബിഷന്‍, പുസ്തക പ്രദര്‍ശനം,സയന്‍സ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയും നടക്കും.

Related Articles

Back to top button