KeralaLatest

സുരേഷിന് 59-ാം വയസില്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം

“Manju”

കൊല്ലം: സുരേഷ് കുമാറിന് 59ാം വയസ്സില്‍ മിസ്റ്റര്‍ ഇന്ത്യ കിരീടം. കൊല്ലം തെക്കേവിള കൃഷ്ണശ്രീയില്‍ എ.സുരേഷ് കുമാര്‍ ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ് ഫെ‌ഡറേഷന്‍ പോണ്ടിച്ചേരിയില്‍ നടത്തിയ മത്സരത്തിലാണ് അന്‍പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ മാസ്റ്റേഴ്സ് മിസ്റ്റര്‍ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ മിസ്റ്റര്‍ കൊല്ലവും മിസ്റ്റര്‍ കേരളയും ആയിട്ടുണ്ടെങ്കിലും മിസ്റ്റര്‍ ഇന്ത്യ പട്ടം ഇതാദ്യമാണ്.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്ന അയ്യപ്പന്‍പിള്ളയുടെയും ലീലാവതി അമ്മയുടെയും ആറ് മക്കളില്‍ നാലാമനായ സുരേഷ് കുമാര്‍ പത്താം ക്ളാസിന് ശേഷം ഇലക്‌ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐയും പാസായ ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസം ജോലിയും ബാക്കി നാല് ദിവസവും ജിംനേഷ്യത്തില്‍ പരിശീലനവും തുടര്‍ന്നു.
സ്റ്റേഷന്‍ മാസ്റ്ററായും ഇന്‍സ്പെക്ടറായും പ്രൊമോഷന്‍ ലഭിച്ചപ്പോള്‍ സമയം പ്രശ്നമായെങ്കിലും രാത്രി 11 വരെ ജിമ്മില്‍ ചെലവിട്ട് അത് പരിഹരിച്ചു. 2020ല്‍ വിരമിച്ചതോടെ പരിശീലനത്തിന് കൂടുതല്‍ സമയം ലഭിച്ചു. മത്സരങ്ങള്‍ ഉള്ളപ്പോള്‍ രാവിലെയും വൈകിട്ടുമായി ആറ് മണിക്കൂര്‍ വരെ വര്‍ക്കൗട്ട് ചെയ്യും.

25കാരനായ മാടന്‍നട സ്വദേശി അഭിഷേകാണ് പരിശീലകന്‍. ഇപ്പോള്‍ കൊല്ലം എസ്.എന്‍ കോളേജ് ജംഗ്ഷനിലെ ഏലിയന്‍ ജിംനേഷ്യത്തിലെ പരിശീലകന്‍ കൂടിയാണ് സുരേഷ്. ഇന്റര്‍നാഷണല്‍ ലെവലില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പും നടത്തുന്നുണ്ട്. ഭാര്യ മിനിയും മക്കളായ ശ്രുതി, അനന്തകൃഷ്ണന്‍, മരുമക്കള്‍ ഹരികൃഷ്ണ, ഡോ.കബനി എന്നിവരൊക്കെ സുരേഷിന് പ്രോത്സാഹനവുമായി ഒപ്പമുണ്ട്. അനന്തകൃഷ്ണന്‍ ദുബായില്‍ ബോഡി ബില്‍ഡിംഗ് ട്രെയിനറാണ്.

Related Articles

Back to top button