InternationalLatest

റഷ്യക്കെതിരെ പോരാടുന്നവര്‍ക്കുള്ള പ്രതിമാസ ശമ്പളം രണ്ടരലക്ഷമാക്കി ഉയര്‍ത്തി

“Manju”

കീവ് : റഷ്യയ്‌ക്കെതിരെ രാജ്യത്തിനായി പടക്കളത്തിലുള്ള സൈനികര്‍ക്ക് വേതനം കുത്തനെ വര്‍ദ്ധിപ്പിച്ച്‌ യുക്രേനിയന്‍ പ്രസിഡന്റ് വ്‌ലോഡമിര്‍ സെലെന്‍സ്. സൈനികര്‍ക്ക് പ്രതിമാസം 100,000 ഹ്രിവ്നിയ (ഉക്രേനിയന്‍ കറന്‍സി) നല്‍കാനുള്ള ഉത്തരവില്‍ ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ലോഡമിര്‍ സെലെന്‍സ്‌കി ഇന്നലെ ഒപ്പുവച്ചു. ഒരു ഹ്രിവ്നിയയ്ക്ക് ഇന്ത്യന്‍ കറന്‍സിയില്‍ 2.51 രൂപയാണ് മൂല്യം. സൈനികരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവരുടെ വേതനം ഉയര്‍ത്താന്‍ ഭരണകൂടം തീരുമാനിച്ചത്. റഷ്യന്‍ ആക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ തുടരാന്‍ സൈനികരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.

ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ഒറ്റത്തവണയായി 15 മില്യണ്‍ ഹ്രിവ്നിയ നഷ്ടപരിഹാരമായി നല്‍കും. കൂടുതല്‍ അവകാശികളുണ്ടെങ്കില്‍ ഈ തുക കൃത്യമായി വീതിച്ച്‌ നല്‍കും. യുദ്ധത്തില്‍ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും സൈനിക നിയമപ്രകാരം പ്രതിമാസം 30,000 യുഎഎച്ച്‌ അധികമായി നല്‍കുമെന്ന് മന്ത്രാലയം ഫേസ്ബുക്ക് പോസ്റ്റിലൂടെയും അറിയിച്ചിട്ടുണ്ട്.

സായുധ സേനയിലെ സൈനികര്‍, സുരക്ഷാ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, വിദേശ രഹസ്യാന്വേഷണ വിഭാഗം, പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, ദേശീയ ഗാര്‍ഡ്, സ്റ്റേറ്റ് ബോര്‍ഡര്‍ ഗാര്‍ഡ് സര്‍വീസ്, സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ സര്‍വീസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ്, റാങ്ക് ആന്‍ഡ് ഫയല്‍, സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിലെ സീനിയര്‍ സ്റ്റാഫ്, പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പ്രതിമാസം 30,000 യുഎഎച്ച്‌ അധിക ആനുകൂല്യം ലഭിക്കും.

റഷ്യയുടെ 4300 സൈനികരെ വധിച്ചുവെന്നാണ് യുക്രെയിന്‍ അവകാശപ്പെടുന്നത്. 200ലധികം പേരെ യുദ്ധത്തടവുകാരായി പിടികൂടിയിട്ടുമുണ്ട്. അതേസമയം 14 കുട്ടികളുള്‍പ്പെടെ 352 യുക്രേനിയന്‍ സിവിലിയന്‍മാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ 4300 സൈനികരെ വധിച്ചുവെന്ന യുക്രേനിയന്‍ വാദം റഷ്യ നിഷേധിച്ചു.

Related Articles

Back to top button