KeralaLatest

പ്ലസ് ടു പരീക്ഷ മാര്‍ച്ച്‌ 30നും എസ്.എസ്.എല്‍.സി 31നും തുടങ്ങും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മാര്‍ച്ച്‌ 23 മുതല്‍ വാര്‍ഷിക പരീക്ഷ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ പരീക്ഷയാണ് 23ന് ആരംഭിക്കുക. ഏപ്രില്‍ രണ്ടിന് പരീക്ഷ പൂര്‍ത്തിയാകും. ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്കൂളുകള്‍ക്ക് മധ്യവേനല്‍ അവധിയായിരിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.
പ്ലസ് ടു പരീക്ഷ മാര്‍ച്ച്‌ 30ന് ആരംഭിച്ച്‌ ഏപ്രില്‍ 22നും എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 31ന് ആരംഭിച്ച്‌ ഏപ്രില്‍ 29നും പൂര്‍ത്തിയാകും. പ്ലസ് വണ്‍/വി.എച്ച്‌.എസ്.ഇ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
അടുത്ത അധ്യയന വര്‍ഷത്തിനായി ജൂണ്‍ ഒന്നിന് സ്കൂളുകള്‍ വീണ്ടും തുറക്കും. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. അധ്യാപകരുടെ പരിശീലനവും മെയില്‍ പൂര്‍ത്തിയാക്കും.
പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താന്‍ എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി നടത്തുന്ന ‘തെളിമ’ പദ്ധതി വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Back to top button