IndiaLatest

യു പിയില്‍ ബി ജെ പിക്ക് നൂറ് മേനിയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

“Manju”

ലക്നൗ : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് പൊരിഞ്ഞ പോരാട്ടം നടന്ന യുപിയിലേതാണ്. പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം യു പിയില്‍ ബി ജെ പി അധികാരം തുടരും എന്ന സൂചനയാണ് നല്‍കുന്നത്.

ഒരു വര്‍ഷത്തിലേറെ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച കര്‍ഷക സമരം യു പി തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടിയാവുമെന്ന ഭയം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായിരുന്നു, പ്രത്യേകിച്ച്‌ കര്‍ഷക സമരത്തിന്റെ ശക്തി കേന്ദ്രമായ പടിഞ്ഞാറന്‍ യുപിയില്‍. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത് ബി ജെ പിക്ക് തിരിച്ചടിയുണ്ടാവുന്ന യാതൊന്നും യുപിയില്‍ ഉണ്ടായിട്ടില്ല എന്നാണ്. കര്‍ഷകരുടെ വോട്ടും താമര ചിഹ്നത്തില്‍ വീണു എന്ന പ്രവചനമാണ് ഇന്ത്യ ടുഡേആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലങ്ങളിലുള്ളത്.

മോദി സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നീണ്ട കര്‍ഷക പ്രക്ഷോഭമുണ്ടായ പ്രദേശങ്ങളിലും മുഖ്യ എതിരാളിയായ സമാജ്വാദി പാര്‍ട്ടിക്കെതിരെ ലീഡ് ചെയ്യാന്‍ ബി ജെ പിക്ക് കഴിഞ്ഞു എന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഉറപ്പാക്കുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളായിട്ടാണ് നടന്നത്. ഇതില്‍ ആദ്യ ഘട്ടം ആരംഭിച്ചത് സംസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഇവിടെയുള്ള പതിനൊന്ന് ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 49 സീറ്റുകള്‍ വരെ ബി ജെ പി സ്വന്തമാക്കുമെന്നാണ് ഇന്ത്യ ടുഡേആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലങ്ങളിലുള്ളത്. അഖിലേഷ് നയിച്ച എസ് പി ക്ക് കേവലം എട്ട് സീറ്റുകള്‍ കൊണ്ട് തൃപ്തിയടയേണ്ടി വരും. യു പിയില്‍ മെലിയുന്ന ബി എസ് പിക്ക് ഒരു സീറ്റും ലഭിച്ചേക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ 53 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. എസ് പി, ബി എസ് പി എന്നിവര്‍ രണ്ട് വീതവും, ആര്‍എല്‍ഡി ഒരു സീറ്റിലും വിജയിച്ചു. കര്‍ഷകപ്രക്ഷോഭം ബി ജെ പിക്ക് ശക്തമായ ഭീഷണി ഉയര്‍ത്തിയിട്ടും ഇവിടെ കേവലം മൂന്ന് സീറ്റുകള്‍ മാത്രമാവും പാര്‍ട്ടിക്ക് നഷ്ടമാവുക. കഴിഞ്ഞ തവണത്തേ പോലെ ഇക്കുറിയും കോണ്‍ഗ്രസ് പൂജ്യം സീറ്റുകളാവും ഈ മേഖലയില്‍ നിന്നും അക്കൗണ്ടിലാക്കുക.

മാര്‍ച്ച്‌ പത്തിന് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ എക്സിറ്റ് പോളുകളില്‍ കാണിക്കുന്ന ഫലങ്ങള്‍ സംഭവിച്ചാല്‍ അത് ബി ജെ പിക്ക് വലിയ ആശ്വാസമാവും നല്‍കുക. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ 288-326 സീറ്റുകള്‍ നേടയേക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ബി ജെ പി സംസ്ഥാനത്ത് തുടര്‍ഭരണം സൃഷ്ടിക്കും. കഴിഞ്ഞ 20 വര്‍ഷമായി യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും വീണ്ടും അധികാരത്തില്‍ വന്നിട്ടില്ല.

Related Articles

Back to top button