LatestThiruvananthapuram

സ്ത്രീ-പുരുഷ സമഭാവനയുടെ നവകേരളത്തിനായി കൈകോര്‍ക്കണം

“Manju”

തിരുവനന്തപുരം: സ്ത്രീ – പുരുഷ സമഭാവനയുടെ നവകേരളം കെട്ടിപ്പടിക്കുന്നതിനായി കൈകോര്‍ക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. കൂട്ടായ ബോധവത്കരണത്തിലൂടെയും പരിശ്രമത്തിലൂടെയും സമൂഹത്തിന്റെ പൊതുബോധത്തിലും മനോഭാവത്തിലും സമീപനങ്ങളിലും കാതലായ മാറ്റം സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ ബോധവത്കരണ പദ്ധതിയായ സമത്തിന്റെ ആഭിമുഖ്യത്തില്‍ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച്‌ ഏഴു വനിതകളും ചടങ്ങിനു തിരിതെളിച്ചു. സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകള്‍, പ്രണയം നിരസിക്കപ്പെട്ടതിനു കൊലപാതകം, ദുരഭിമാനഹത്യകള്‍ തുടങ്ങിയവ കേരളത്തില്‍ വര്‍ധിക്കുന്ന സാഹചര്യം മന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീധനം പോലുള്ള സാമൂഹിക ദുരാചാരങ്ങള്‍ നിയമംമൂലം നിരോധിക്കപ്പെട്ടിട്ടും സാമൂഹിക അന്തസിന്റെ അടയാളമായി നിര്‍ബാധം തുടരുന്നു. പിറന്നു വീഴുമ്പോള്‍ മുതല്‍ രണ്ടാംകിട സാമൂഹിക പദവിയുള്ള വ്യക്തിയാണെന്ന ഓര്‍മപ്പെടുത്തലുകളിലൂടെയാണ് സ്ത്രീ ജീവിതം മുന്നോട്ടുപോകുന്നത്. വര്‍ധിച്ചുവരുന്ന സ്ത്രീ വിരുദ്ധ പ്രവണതകള്‍ നവലിബറല്‍ കാലഘട്ടത്തില്‍ വലിയതോതില്‍ വളരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീയ്ക്കു സമൂഹത്തില്‍ പുരുഷനൊപ്പം തുല്യ പരിഗണനയും അംഗീകാരവും ലഭിക്കുന്നതുവരെ ബോധവത്കരണം അനിവാര്യമാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സ്ത്രീയും പുരുഷനും ഒന്നിച്ചു കുടുംബത്തെ നയിക്കുമ്പോഴാണു കുടുംബം മനോഹരമാകുന്നത്. ഇതുപോലെതന്നെയാണ് ഒന്നിച്ച പ്രവര്‍ത്തനത്തിലൂടെ സമൂഹവും രാജ്യവും മനോഹരമാകുന്നത്. ഇത്തരം ആശയ വിപ്ലവം കേരളത്തില്‍ അനിവാര്യമാണെന്നു മനസിലാക്കിയാണ് ‘ഇടം’ പോലുള്ള ബോധവത്കരണ പരിപാടി നടപ്പാക്കുന്നത്. ഒരു വര്‍ഷത്തേക്കു വിഭാവനം ചെയ്തിട്ടുള്ള പരിപാടിയാണെങ്കിലും ഇടം പദ്ധതിയുടെ ആശയങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുംവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button