KeralaLatest

“ജനാധിപത്യവും മതേതരത്വവും പരമാധികാരവും യുവജനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം”

“Manju”

പത്തനംതിട്ട : ഇന്ത്യയുടെ ജനാധിപത്യം, മതേതരത്വം, പരമാധികാരം എന്നിവ യുവജനങ്ങള്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ആരോഗ്യ, കുടുംബക്ഷേമ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയുടെ ഭരണഘടന ഉറപ്പു വരുത്തുന്നത് മതേതര, ജനാധിപത്യ രാജ്യമെന്നാണ്. എന്നാല്‍, വര്‍ത്തമാനകാല ഇന്ത്യയില്‍ ഇന്ത്യയുടെ മതേതരത്വം, സ്വാതന്ത്ര്യം എന്നിവ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയുടെ മതേതരത്വത്തേക്കുറിച്ചും, സ്വാതന്ത്ര്യത്തേക്കുറിച്ചും യുവതലമുറ ഗൗരവത്തോടെ ചിന്തിക്കേണ്ട സമയമാണ്. യഥാര്‍ത്ഥ്യത്തില്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ടോ എന്ന് അന്വേഷിക്കണം.
രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. മാധ്യമങ്ങളെപ്പോലും നിശബ്ദമാക്കപ്പെടുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് പ്രധാന മാധ്യമ സ്ഥാപനങ്ങളെയെല്ലാം കോര്‍പ്പററേറ്റുകള്‍ വാങ്ങിക്കഴിഞ്ഞു. സ്വതന്ത്ര മീഡിയ എന്നത് സങ്കല്പമായി മാറിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

കോളജ് അങ്കണത്തില്‍ നടന്ന ഗാന്ധിയന്‍ ചിത്രപ്രദര്‍ശനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ.ടി.കെ.ജി നായര്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനയും മൗലിക അവകാശങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സമം സംസ്ഥാന അധ്യക്ഷ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് നയിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ വീഡിയോ ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഫോക് ലോര്‍ അക്കാദമി ചെയര്‍മാനും നാടന്‍പാട്ട് ആചാര്യനുമായ സി.ജെ. കുട്ടപ്പന്‍ നയിച്ച തായില്ലം തിരുവല്ലയുടെ നാടന്‍പാട്ടും ദൃശ്യവിരുന്നും ഉള്‍പ്പെടുത്തിയ പാട്ടുപടേനിയും ചടങ്ങില്‍ അരങ്ങേറി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗം, ചരിത്ര വിഭാഗം, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ആര്‍. അജിത്ത് കുമാര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്ബര്‍ പ്രൊഫ. ടി.കെ. ജി. നായര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.ജെ. ഫിലിപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍.സോമരാജന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബി.സതികുമാരി, കാതോലിക്കേറ്റ് ചരിത്ര വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായ പി.എസ്. പ്രദീപ്, മലയാള വിഭാഗം മേധാവി പി.ടി. അനു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എസ്. സജിത് ബാബു, പൊളിറ്റിക്‌സ് അസി. പ്രൊഫസര്‍ വിവേക് ജേക്കബ് എബ്രഹാം, എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ജോസ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button