IndiaLatest

പ്രതിയെ പിടികൂടാന്‍ ബുള്‍ഡോസറുമായി യുപി പോലീസ്

“Manju”

ലഖ്‌നൗ: പ്രതിയെ പിടികൂടാന്‍ ബുള്‍ഡോസറുമായി ഉത്തര്‍പ്രദേശ് പോലീസ്. പ്രതാപ്ഘട്ടില്‍ ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടാനായാണ് ബുള്‍ഡോസറുമായി പോലീസ് രംഗത്തിറങ്ങിയത്. പ്രതിയുടെ വീടിന് മുന്നില്‍ ബുള്‍ഡോസര്‍ പാര്‍ക്ക് ചെയ്ത പോലീസ്, കീഴടങ്ങിയില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ വീട് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ ബലാത്സംഗ കേസിലെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
പ്രതാപ്ഘട്ട് റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ശൗചാലയത്തില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പിടികൂടാനായാണ് പോലീസ് ബുള്‍ഡോസറുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍പോവുകയായിരുന്നു. ഇയാള്‍ക്കായി പ്രതാപ്ഘട്ട്, പ്രയാഗ് രാജ്, അമേഠി ജില്ലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. ഇതോടെയാണ് ഞായറാഴ്ച രാത്രി പ്രതിയുടെ വീടിന് മുന്നിലേക്ക് ബുള്‍ഡോസറുമായി പോലീസെത്തിയത്.
വീടിന് മുന്നില്‍ ബുള്‍ഡോസര്‍ പാര്‍ക്ക് ചെയ്ത പോലീസ്, തിങ്കളാഴ്ച രാവിലെ തന്നെ പോലീസിന് മുന്നില്‍ കീഴടങ്ങണമെന്ന് അന്ത്യശാസനം നല്‍കി. കീഴടങ്ങിയില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ വീട് തകര്‍ക്കുമെന്നും പറഞ്ഞു. ഇതിനുപിന്നാലെ പ്രതി മറ്റൊരിടത്തുവെച്ച്‌ പോലീസിന് കീഴടങ്ങിയെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button