India

ആത്മഹത്യ ചെയ്യുന്നവരിൽ 70 ശതമാനവും പുരുഷന്മാർ;  സ്മൃതി ഇറാനി

“Manju”

രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന. 2020ൽ ആകെ 153,052 ആത്മഹത്യകളാണ് സ്ഥിരീകരിച്ചത്. പ്രതിദിനം ശരാശരി 418 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നു. 2019ൽ രാജ്യത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം 139,123 ആയിരുന്നു. ഒരു ലക്ഷം ആളുകൾക്ക് കണക്കാക്കുന്ന ആത്മഹത്യാ നിരക്ക് 2019ൽ 10.4 ആയിരുന്നത് 2020-ൽ 11.3 ആയി ഉയർന്നു. ലിംഗാനുപാതം അനുസരിച്ച് ആത്മഹത്യ ചെയ്തവരിൽ 70.9 ശതമാനം പുരുഷന്മാരും 29.1 ശതമാനം സ്ത്രീകളുമാണ്.

സ്ത്രീകളുടെ ആത്മഹത്യയുടെ എണ്ണത്തിലും വർധനവുണ്ടായി. 2020ൽ 44,498 സ്ത്രീകൾ ജീവനൊടുക്കിയതായി കേന്ദ്രം വെളിപ്പെടുത്തി. 2019ൽ 41,493 സ്തീകളാണ് ആത്മഹത്യ ചെയ്തത്. എൻസിപി എംപി മുഹമ്മദ് ഫൈസൽ പടിപ്പുരയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച് സ്ത്രീകളുടെ ആത്മഹത്യയ്‌ക്ക് കാരണം കുടുംബപ്രശ്‌നം, അസുഖം എന്നിവയാണ്. 2020ൽ ആത്മഹത്യ ചെയ്ത 44,498 സ്ത്രീകളിൽ 22,374 പേരും വീട്ടമ്മമാരാണ്.

എൻസിആർബി പുറത്തുവിട്ട കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ ആണ് ഏറ്റവും കൂടുതൽ വനിതകൾ ജീവനൊടുക്കിയത്. ഇവിടെ 5275 സ്ത്രീകൾ ആത്മഹത്യ ചെയ്തു. ഇതിൽ 2559 പേർ വീട്ടമ്മമാരാണ്. നാഗാലാൻഡ് (12), മണിപ്പൂർ (17), മിസോറാം (20), അരുണാചൽ (48), മേഘാലയ (61) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കുറവ് വനിതകൾ ആത്മഹത്യ ചെയ്തത്. വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് സ്ത്രീ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ബീഹാർ (358), പഞ്ചാബ് (623), ജാർഖണ്ഡ് (759), അസം (906), ഹരിയാന (917) എന്നിവിടങ്ങളിലാണ്.

കേന്ദ്രഭരണ പ്രദേശങ്ങളിൽ സ്ത്രീ ആത്മഹത്യകൾ ഇപ്രകാരമാണ്. ആൻഡമാൻ-നിക്കോബാർ (50), ദാദ്ര-നഗർ ഹവേലി & ദാമൻ-ദിയു (43), ചണ്ഡീഗഡ് (48), ഡൽഹി (895), ജമ്മു-കശ്മീർ (130), ലഡാക്ക് (2), ലക്ഷദ്വീപ് (1), പുതുച്ചേരി (109).

2019ൽ ഏറ്റവും കൂടുതൽ ആത്മഹത്യ മഹാരാഷ്‌ട്രയിൽ ആയിരുന്നു. ഇവിടെ ആ വർഷം 4448 വനിതകൾ ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് 2020ൽ ഏതാണ്ട് സമാനമായ കേസുകൾ ഉണ്ടായി(4472). 2019ൽ തമിഴ്‌നാട്ടിൽ 4250 സ്ത്രീകളാണ് ജീവനൊടുക്കിയത്. എന്നാൽ തമിഴ്‌നാട്ടിൽ 2020ൽ ആയിരതിലധികം എണ്ണത്തിന്റെ വൻവർധനവുണ്ടായി.

മഹാരാഷ്‌ട്ര(19,909), തമിഴ്നാ്ട്(16,883), മധ്യപ്രദേശ്(14,578), പശ്ചിമ ബംഗാൾ(13,103), കർണാടക(12,259) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്ന സംസ്ഥാനങ്ങൾ. എൻസിആർബി റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് നടന്ന മൊത്തം ആത്മഹത്യകളിൽ 50.1 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. കുടുംബ പ്രശ്‌നങ്ങൾ (33.6ശതമാനം), വിവാഹ സംബന്ധമായ പ്രശ്‌നങ്ങൾ (5ശതമാനം), അസുഖം (18ശതമാനം) എന്നിങ്ങനെയാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങൾ. രാജ്യത്തെ മൊത്തം ആത്മഹത്യകളിൽ 56.7 ശതമാനവും ഇതരം കാരണങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button