Uncategorized

5 പീസ് കർട്ടന് 59,500 രൂപ; നാലംഗ തട്ടിപ്പു സംഘം പിടിയിൽ

“Manju”

മാവേലിക്കര: വയോധികയെ ഭീഷണിപ്പെടുത്തി 59,500 അപഹരിച്ച കേസിൽ നാലംഗ സംഘം പിടിയിൽ.സംഘത്തിലെ ബാക്കി രണ്ടുപേർക്കായുള്ള അന്വേഷണം ഊർജ്ജിതം. വയോധിക മാത്രമുള്ള വീട്ടിൽ മുള ഉപയോഗിച്ചുള്ള കർട്ടൻ വിൽക്കാനെത്തിയാണ് സംഘം പണം അപഹരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട ശൂരനാട് ഇരവിച്ചിറ ഈസ്റ്റ് ഷിബു ഭവനത്തിൽ ബൈജു(30),പതാരം ചക്കുവള്ളി വടക്ക് മിനി ഭവനം സുദീർ (36)ശൂരനാട് തെക്ക് ഇഞ്ചിക്കാട് അജീന മൻസിൽ അജി(46),ചക്കുവള്ളി പോരുവഴി കൊച്ചുതെരുവ് താഴേത്തുണ്ടിൽ ബഷീർ(50) എന്നിവർ അറസ്റ്റിലായി.

ഈ മാസം ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാവേലിക്കര കൊറ്റാർകാവിലെ വയോധികയുടെ വീട്ടിലെത്തിയ സംഘം, മുള കർട്ടൻ പീസ് ഒന്നിന് 570 രൂപ നൽകിയാൽ മതി എന്ന് പറഞ്ഞു. കർട്ടൻ വാങ്ങാൻ താൽപര്യം ഇല്ലെന്ന് പറഞ്ഞെങ്കിലും സംഘം ഇത് കൂട്ടാക്കാതെ വീട്ടിൽ അതിക്രമിച്ച് കയറി കർട്ടനുകൾ സ്ഥാപിക്കുകയായിരുന്നു. തുടർന്ന് അഞ്ചു പീസ് കർട്ടന് 59,500 രൂപയുടെ ബിൽ നൽകി. പണം ഇല്ലെന്ന് വയോധിക പറഞ്ഞപ്പോൾ ചെക്ക് എഴുതി നൽകാൻ നിർബന്ധിച്ചു.സംഘത്തിലുണ്ടായിരുന്ന നാലു പേർ ചേർന്ന് വയോധികയെ ഭീഷണിപ്പെടുത്തി ചെക്ക് എഴുതി വാങ്ങി.

തുടർന്ന് പുറത്ത് നിന്നിരുന്ന രണ്ടു പേർ ബാങ്കിൽ പോയി ചെക്ക് മാറി പണം വാങ്ങിയ ശേഷമാണ് സ്ഥലം വിട്ടത്. തുടർന്ന് വയോധിക പോലീസിൽ പരാതി നൽകി. വീട്ടില ക്യാമറദൃശ്യങ്ങൾ പരിശോധിച്ച പോലീസ് വ്യാപക അന്വേഷണം നടത്തിയാണ് തട്ടിപ്പ് നടത്തിയ ആറംഗ സംഘത്തിലെ നാലുപേരെ പിടികൂടിയത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലാവുന്നത്. സംഘം സമാനമായ രീതിയിൽ നിരവധി സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയതായാണ് വിവവരം. ഈ രീതിയിൽ തട്ടിപ്പിന് ഇരയായവർ പോലീസ് സ്‌റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button