KeralaLatest

മാസവരുമാനം അഞ്ചുലക്ഷത്തിനുമേല്‍, സഹായിച്ചത് മോദി

“Manju”

കൊച്ചി: ഇരട്ട ബിരുദാനന്തര ബിരുദവും സെറ്റ് യോഗ്യതയും നേടിയ ശ്രീലക്ഷ്മി അജേഷ് മോഹിച്ചത് അദ്ധ്യാപിക ആവാന്‍.
മുന്നില്‍ തെളിഞ്ഞത് അച്ചാര്‍ നിര്‍മ്മാണം. ഇപ്പോള്‍ വരുമാനം പ്രതിമാസം അഞ്ചു ലക്ഷം രൂപ. നിമിത്തമായത് അടുത്ത സുഹൃത്തിനുവേണ്ടി യുട്യൂബ് നോക്കി ഉണ്ടാക്കിയ അച്ചാര്‍. തുടക്കത്തില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ചുവപ്പുനാട അഴിച്ചത് വിജയവഴിയിലെ സുപ്രധാന ഏട്.
തൃപ്പൂണിത്തുറ സ്വദേശി ശ്രീലക്ഷ്മിക്ക് (33) കെമിസ്ട്രിയിലും സൈക്കോളജിയിലുമാണ് ബിരുദാനന്തര ബിരുദം. എയ്ഡഡ് സ്കൂളില്‍ ചോദിച്ചത് 40 ലക്ഷം രൂപ. അത്രയും നല്‍കാനില്ല. അപ്പോഴാണ് സുഹൃത്തിനുണ്ടാക്കി നല്‍കിയ അച്ചാര്‍ മനസിലെത്തിയത്. അന്ന് അത് രുചിച്ചവരെല്ലാം അഭിനന്ദിച്ചിരുന്നു. സഹോദരന്‍ ശ്രീരാജിനോട് പറഞ്ഞപ്പോള്‍, അഞ്ഞൂറു രൂപ ഉടന്‍ നല്‍കി.
അങ്ങനെ നാലു വര്‍ഷം മുമ്പ് കലവറ ഫുഡ് പ്രൊഡക്‌ട്സ് പിറവിയെടുത്തു. ഫ്ളാറ്റിലെ സ്വന്തം അടുക്കളയില്‍ കൃത്രിമ ചേരുവകളില്ലാതെ പാകപ്പെടുത്തി. ഫേസ് ബുക്കും വാട്ട്സ് ആപ്പും വഴി പ്രചാരം. വാങ്ങിയവരുടെ ഓര്‍ഡറുകള്‍ വീണ്ടും വന്നപ്പോള്‍ ആത്മവിശ്വാസമായി. സ്ഥാപനം വാടക കെട്ടിടത്തിലേക്ക് മാറ്റി. ഏഴു ജീവനക്കാരുണ്ടിപ്പോള്‍. രുചി മഹിമ ഇപ്പോള്‍ അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ 12 രാജ്യങ്ങളിലെത്തി. എല്ലാത്തിനും കരുത്തായി കാലടി ഒക്കല്‍ സ്വദേശി ഭര്‍ത്താവ് അജേഷ് അമ്പലപ്പാടനും കുടുംബവുമുണ്ട്.
പ്രധാനമന്ത്രിയുടെ ഇടപെടല്‍
ഓര്‍ഡര്‍ അനുസരിച്ച്‌ അച്ചാറുകള്‍ പോസ്റ്റ് ഓഫീസ് വഴിയാണ് അയയ്ക്കുന്നത്. ഒരു സുപ്രഭാതത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അയയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മടിക്കയയച്ചു. അതോടെ പ്രതിസന്ധിയിലായി.
പ്രിയപ്പെട്ട അങ്കിള്‍…എന്നുതുടങ്ങുന്ന ഒരു മെയില്‍ പ്രധാനമന്ത്രിക്ക് അയച്ചു. പിറ്റേദിവസം തേടിയെത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോണ്‍ കോള്‍. തുടര്‍ന്ന് അച്ചാറുമായി പോസ്റ്റ് ഓഫീസിലെത്തിയപ്പോള്‍, സന്തോഷത്തോടെ എല്ലാം സ്വീകരിച്ചു.
മാങ്ങ മുതല്‍ ചെമ്മീന്‍ വരെ
മാങ്ങ, നാരങ്ങ, പുളിയിഞ്ചി, നെല്ലിക്ക, വെളുത്തുള്ളി, ഈന്തപ്പഴം, മീന്‍, ചെമ്മീന്‍, ബീഫ്, കക്ക, മിക്സഡ് വെജിറ്റബിള്‍, കോളിഫ്ളവര്‍ തുടങ്ങിയവയാണ് പ്രധാന അച്ചാര്‍ ഇനങ്ങള്‍. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കറിമസാല, സാമ്ബാര്‍പൊടി, ഗരംമസാല, തേങ്ങാ ചമ്മന്തിപ്പൊടി, ചെമ്മീന്‍ ചമ്മന്തിപ്പൊടി, ഹെല്‍ത്ത് മിക്സ്, പഴം വരട്ടിയത്, ചക്ക വരട്ടിയത്, നെല്ലിക്ക വരട്ടിയത് എന്നിവയും ഇപ്പോള്‍ നിര്‍മ്മിക്കുന്നു.
”അച്ചാറിന്റെ രുചിക്കൂട്ടാണ് വിജയം സമ്മാനിച്ചത്. കേട്ടറിഞ്ഞെത്തിയതാണ് കൂടുതല്‍ പേരും.
– ശ്രീലക്ഷ്മി അജേഷ്

Related Articles

Back to top button