KeralaLatest

കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു; ഡല്‍ഹി സാധാരണ നിലയിലേക്ക്

“Manju”

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഗുരുതര പ്രതിസന്ധി നേരിട്ട ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 900 കോവിഡ് കേസുകള്‍ മാത്രമാണ്.
കോവിഡ് കേസുകള്‍ കുറയുന്നത് തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്ന് വെള്ളിയാഴ്ച തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി ഫാക്ടറികള്‍ തുറക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള അനുമതി നല്‍കി.
കോവിഡ് രണ്ടാം തരംഗം സാരമായി ബാധിച്ച രാജ്യ തലസ്ഥാനത്ത് ആറാഴ്ച നീളുന്ന ലോക്ക്ഡൗണാണ് ഏര്‍പ്പെടുത്തിയിരുന്നത്. ദിവസനേയുള്ള കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നത് തുടര്‍ന്നാല്‍ ലോക്ക്ഡൗണ്‍ സാവധാനം പിന്‍വലിക്കുമെന്നും തലസ്ഥാനത്തെ വ്യാപാരമേഖല സാധാരണ ഗതിയിലേക്കെത്തുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
ദിവസവേതനക്കാരുടെ ക്ഷേമം കണക്കിലെടുത്താണ് ഫാക്ടറികള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഏപ്രിലില്‍ പ്രതിദിന കോവിഡ് കേസുകള്‍ മുപ്പതിനായിരത്തിന് മുകളില്‍ രേഖപ്പെടുത്തിയിരുന്നു. രോഗവ്യാപനം അതിതീവ്രമായതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. വിവിധഘട്ടങ്ങളിലായി ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തിരുന്നു.

Related Articles

Back to top button