Kerala

സ്‌റ്റേഷനിലേക്ക് ട്രാൻസ്‌ജെൻഡർമാരുടെ മാർച്ച് ; സംഘർഷം

“Manju”

കൊച്ചി ; പോലീസ് ഉദ്യോഗസ്ഥർ ട്രാൻസ്‌ജെൻഡർമാരെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ലോക ട്രാൻസ്‌ജെൻഡർ ദിനത്തിൽ ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്. സമരക്കാരെ പോലീസ് തടഞ്ഞതോടെ മാർച്ച് ഉന്തിലും തള്ളിലും കലാശിച്ചു. പരാതി നൽകാൻ എത്തിയ ട്രാൻസ്‌ജെൻഡറെ, പോലീസ് ലിംഗപരിശോധന നടത്താൻ അയച്ചു എന്നാണ് ആരോപണം. ആരോപണവിധേയയായ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ മുപ്പതോളം ട്രാൻസ്ജെൻഡറുകൾ സ്റ്റേഷനിലേയ്‌ക്ക് കയറാൻ ശ്രമിച്ചു. സ്റ്റേഷനിലേക്ക് മുദ്രാവാക്യം വിളികളുമായാണ് സംഘം എത്തിയത്. ഇവരെ സ്റ്റേഷൻ പരിസരത്ത് പ്രവേശിപ്പിക്കാതെ ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് സംഘം ബാരിക്കേഡ് തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും വനിതാ ഉദ്യോഗസ്ഥൻ ഇവരെ തടഞ്ഞു. സ്റ്റേഷന് മുന്നിലെ റോഡിൽ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

മൂന്ന് ആഴ്ചകൾക്ക് മുൻപ് കുളക്കടവിൽ കുളിക്കുമ്പോൾ ചിലർ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പരാതി നൽകാനാണ് ഇവർ സ്റ്റേഷനിൽ എത്തിയത്. ഈ സമയം ഇവരുടെ ലിംഗപരിശോധന നടത്താൻ ആലുവ പോലീസ് ശ്രമിച്ചെന്നാണ് ഇവർ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും നടപടിയെടുക്കുമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ട്രാൻസ്‌ജെൻഡേഴ്‌സ് എന്ന പേരിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് ഇവർക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

Related Articles

Back to top button