Latest

പാലക്കാട് ക്ഷേത്രത്തിൽ ദർശനം നടത്തി അജിത് ; അമ്പരന്ന് ഭാരവാഹികളും നാട്ടുകാരും

“Manju”

പാലക്കാട് : ജില്ലയിലെ ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് നടൻ അജിത് കുമാർ. പെരുവമ്പ് ഊട്ടുകുളങ്ങര ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. പുലർച്ചെ 4.30 ഓടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തി തൊഴുതു മടങ്ങിയത്. ഇതിന് മുൻപും അദ്ദേഹം ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്.

ആയുർവേദ ചികിത്സയ്‌ക്കായി പാലക്കാട്ടെ ഗുരുകൃപയിൽ എത്തിയത് ആയിരുന്നു അദ്ദേഹം എന്നാണ് വിവരം. ഇതിനിടെയാണ് ക്ഷേത്രത്തിൽ എത്തിയത്. പരമ്പരാഗത രീതിയിൽ മുണ്ടും, മേൽമുണ്ടും ധരിച്ചായിരുന്നു അദ്ദേഹം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. ക്ഷേത്രത്തിൽ എത്തിയ മറ്റ് ഭക്തരും ക്ഷേത്ര ഭാരവാഹികളും അദ്ദേഹത്തെ കണ്ട് അമ്പരന്നു. ക്ഷേത്രം ഭാരവാഹികളെ ഉൾപ്പെടെ അറിയിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. വഴിപാടുകൾ ഉൾപ്പെടെ കഴിച്ചാണ് അദ്ദേഹം തിരികെ പോയത്.

ക്ഷേത്രത്തിൽ എത്തിയ വിവരം അറിഞ്ഞ് അജിത്തിനെ കാണാൻ നിരവധി പേർ എത്തിയിരുന്നു. ഇവർക്കൊപ്പവും, ഭാരവാഹികളോട് ഒപ്പവും താരം ഫോട്ടോയെടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ ആളുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

2015 ലും അജിത് ഊട്ടുകുളങ്ങര ക്ഷേത്രം സന്ദർശിച്ചിരുന്നു. അന്ന് കുടുംബ സമേതമായിരുന്നു സന്ദർശനം. പുതിയ സിനിമ എകെ 61 ന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയി.

Related Articles

Back to top button