Latest

ശ്രീലങ്കയിൽ സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്ക്

“Manju”

ശ്രീലങ്കയിൽ സമൂഹമാദ്ധ്യമങ്ങൾക്ക് താൽകാലിക വിലക്ക് പ്രഖ്യാപിച്ചതിനെതിരെ കായികമന്ത്രി നമൽ രജപക്‌സെ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ ശ്രീലങ്കൻ സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ വൻ പ്രതിഷേധമുയരുന്ന സാഹചര്യത്തിലായിരുന്നു സമൂഹമാദ്ധ്യമങ്ങൾക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്. ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചെത്തിയ കായികമന്ത്രി വിലക്ക് ഉപയോഗപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയ ഉപയോഗം തടയുന്നതിനെ അംഗീകരിക്കാൻ കഴിയില്ല. ഇപ്പോൾ താനുപയോഗിക്കുന്നതുപോലെ വിപിഎന്നിന്റെ ലഭ്യത അത്തരം നിരോധനങ്ങളെ ഉപയോഗശൂന്യമാക്കുകയാണ്. വിപിഎൻ സൗകര്യങ്ങൾ ലഭ്യമായ കാലത്ത് സോഷ്യൽമീഡിയ വിലക്കുന്നതിൽ അർത്ഥമില്ല. ഇക്കാര്യത്തിൽ കൂടുതൽ ചിന്തിച്ച് തീരുമാനം പുനഃപരിശോധിക്കണമെന്നും കായികമന്ത്രി നമൽ രജപക്‌സെ പറഞ്ഞു.

നമൽ രജപക്‌സെയുടെ അമ്മാവനാണ് ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബായ രജപക്‌സ. പ്രധാനമന്ത്രി മഹിന്ദ രജപക്‌സ പിതാവാണ്. രാജ്യത്ത് വൈദ്യുതി ക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിനാളുകളുടെ അവസ്ഥ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നമൽ രജപക്‌സെ രംഗത്തെത്തിയിരുന്നു. 35-കാരനായ അദ്ദേഹം പ്രധാനമന്ത്രി മഹിന്ദ രജപക്‌സയുടെ മൂത്തമകനാണ്.

Related Articles

Back to top button