IndiaLatest

കുടിക്കാന്‍ വെള്ളമില്ലാത്തതുകൊണ്ട് പെണ്ണുകിട്ടുന്നില്ല; നാടുവിടാനൊരുങ്ങി യുവാക്കള്‍

“Manju”

കുടിക്കാന്‍ വെള്ളവുമില്ല, കല്ല്യാണം കഴിക്കാന്‍ പെണ്ണുമില്ല എന്ന അവസ്ഥയിലാണ് മധ്യപ്രദേശിലെ ജറുവ ഗ്രാമത്തിലെ നിവാസികള്‍. ചൂട് കനത്തതോടെ കുടിവെള്ളത്തിനായി നാടുനീളെ നെട്ടോടം ഓടുകയാണ് ഇവിടുത്തെ ജനങ്ങള്‍. 1200 നിവാസികള്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ വെള്ളമുള്ള ഒരു കുടിവെള്ള സ്രോതസ്സ് പോലുമില്ല. ആകെയുള്ളതാകട്ടെ ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അഴുക്കുചാലുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു കുളം മാത്രം. മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാത്തിനാല്‍ അഴുക്കുജലം കെട്ടിക്കിടക്കുന്ന ഈ കുളത്തിനെയാണ് ഇവിടുത്തെ ജനങ്ങളും ആടുമാടുകളുമെല്ലാം ദാഹമകറ്റാന്‍ ആശ്രയിക്കുന്നത്.

ഇതുമാത്രമല്ല മറ്റൊരു വെല്ലുവിളി കൂടി നേരിടേണ്ട അവസ്ഥയിലാണ് ഈ ഗ്രാമത്തിലെ യുവാക്കള്‍. ഇവിടുത്തെ അവിവാഹിതരായ പുരുഷന്മാര്‍ക്ക് ഇപ്പോള്‍ വിവാഹാലോചനകള്‍ നടക്കുന്നതേ ഇല്ല. കുടിവെള്ളമില്ലാത്ത ഒരു ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചുവരാന്‍ ആരും തയ്യാറല്ല എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഗ്രാമത്തിലെ യുവതികളാകട്ടെ മറ്റ് ഗ്രാമങ്ങളിലേക്ക് വിവാഹം കഴിച്ച് പോവുകയും ചെയ്യുന്നു.

ആദിവാസികള്‍ കുടുതലുള്ള പ്രദേശമാണ് ജറുവ. ഗ്രാമത്തിലെ ആളുകള്‍ ഈ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷത്തിലധികമായതായാണ് ഗ്രാമവാസികള്‍ തന്നെ പറയുന്നത്. ഗ്രാമവാസികള്‍ അവരുടെ ഒരു ദിവസത്തിന്റെ പ്രധാനഭാഗം വെള്ളം ശേഖരിക്കുന്നതിനായി കിലോമീറ്ററുകള്‍ താണ്ടി നടത്തുന്ന യാത്രകള്‍ക്കാണ് ഉപയോഗിക്കുന്നത്. കാലങ്ങളായി തുടരുന്ന ജലക്ഷാമം പരിഹരിക്കാന്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഗ്രാമവാസികളില്‍ നിന്നും ഉയരുന്നത്.

എന്നാല്‍, കുഴല്‍ക്കിണറുകള്‍, ഹാന്‍ഡ് പമ്പുകള്‍ തുടങ്ങിയവ പോലുള്ള മണ്ണിനടിയില്‍ നിന്ന് വെള്ളം വലിച്ചെടുക്കുന്നതിനുള്ള പദ്ധതികള്‍ നടത്താനുള്ള ശ്രമം പാറക്കെട്ടുകളുള്ള മണ്ണിന്റെ സാന്നിധ്യം മൂലം ആവര്‍ത്തിച്ച് പരാജയപ്പെടുന്നതായാണ് ജില്ലാ സിഇഒ മനീഷ് ബാഗ്രി പറയുന്നത്. എങ്ങനെയും ഗ്രാമവാസികളുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button