KeralaLatest

ബിന്ദുവിന്റെ സമയോചിതമായ ഇടപെടൽ 19 കാരന് പുതുജീവനേകി

“Manju”

കൊട്ടാരക്കര : കൊട്ടാരക്കര എഴുകോൺ പള്ളത്തേരിൽ വീട്ടിൽ ബിനുരാജിന്റെ വീട്ടിൽ മരം മുറിയ്ക്കാനെത്തിയ 19 വയസ്സുകാരന് ബിനുരാജിന്റെ സഹോദരി ബിന്ദു രാജന്റെ സമയോചിതമായ ഇടപെടൽ പുതുജീവനേകി. 38 അടി ഉയരത്തിലുള്ള ആഞ്ഞിലി മരം മുറിയ്ക്കുന്നതിനായിട്ടാണ് 19 കാരനായ അനുവും രണ്ടു സഹപ്രവർത്തകരും ബിനുരാജിന്റെ വീട്ടിലെത്തുന്നത്. മരത്തിൽ കയറിയ അനു ചെറിയ കമ്പുകൾ കോതുന്നതിനിടയിൽ കൈയിൽ വെട്ടേൽക്കുകയായിരുന്നു. രണ്ട് തവണ മരം മുറിയ്ക്കുന്ന വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ അനു രക്തം കുതിച്ചൊഴുകുന്നത് കണ്ട് മരത്തിനുമുകളിൽ തന്നെ ഛർദ്ദിക്കുകയും തളർന്നിരിക്കുകയും ചെയ്യവേയാണ് സാധാരണ വീട്ടമ്മയായ ബിന്ദുരാജൻ അയോളോട് തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്ന് ഇയാൾക്ക് മനോബലം നൽകിയത്. അയാളുമായി സംസാരിച്ചുകൊണ്ടിരുന്നതിനിടയിൽ ഫയർഫോഴ്സ്, ആംബുലൻസ്, പഞ്ചായത്തധികൃതർ എന്നിവരെ വിവരം അറിയിക്കുവാനും ബിന്ദു മറന്നില്ല.

സമീപസ്ഥരായ ചിലർ ബിന്ദുവിനെ ഇതിന്റെ പിന്നാലെ പോയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ച് സംസാരിച്ച് പിന്മാറുവാൻ പ്രേരിപ്പിച്ചെങ്കിലും ഒരുജീവനെക്കാളും വലുതല്ല പണമെന്നും മനസാക്ഷിയ്ക്ക് നിരക്കാത്തതൊന്നും താൻ ചെയ്യില്ല എന്നും പണം നാളെയും ഉണ്ടാക്കാൻ കഴിയുമെന്നും ഒരു ജീവൻ രക്ഷിക്കുകയാണ് മുഖ്യമെന്നും ബിന്ദു മറുപടി നല്കി. അനുവിന് മനോബലം ലഭിക്കുന്നതിനും മരത്തിൽതന്നെ പിടിച്ചിരിക്കുന്നതിനും ബിന്ദുവിന്റെ സംസാരത്തിലൂടെ കഴിഞ്ഞുവെന്നും, വീട്ടമ്മയുടെ സന്ദർഭോചിതമായ ഇടപെടലിലൂടെയാണ് ഇയാൾക്ക് പുതു ജീവൻ ലഭിച്ചതെന്നും ഫയർഫോഴ്സ് അറിയിച്ചു. കുണ്ടറ നിന്നും വിവരമറിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് എത്തുകയും മരത്തിൽ നിന്നും കയർ കെട്ടി നെറ്റ് തയ്യാറാക്കി

അനുവിനെ നിലത്തിറക്കുകയും ചെയ്തു. നിലത്തിറക്കിയ ഉടൻ ഛർദ്ദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്ത അനുവിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇയാൾ സുഖം പ്രാപിച്ചുവരുന്നു.

മരത്തിൽ നിന്നും വീണ് നഷ്ടമായേക്കാമായിരുന്ന ഒരു ജീവനെ സന്ദർഭോചിതമായ ഇടപെടലിലൂടെ രക്ഷിച്ച ബിന്ദുവിന് നാനാസ്ഥലത്തു നിന്നും അഭിനന്ദനം അറിയിക്കുന്നുണ്ട്. എഴുകോൺ ചിറ്റാകോട് ഗുരുകൃപയിൽ രാജന്റെ ഭാര്യയാണ് ബിന്ദു രാജൻ. ശാന്തിഗിരി ആശ്രമം ആത്മബന്ധുവാണ് ഈ കുടുംബം. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന്റെ ഏക വരുമാനത്തിലാണ് മാതാവുൾപ്പെടെയുള്ള കുടുംബം കഴിയുന്നത്. മാറനാട് പുത്തൂർ സ്വദേശിയാണ് അനു.

Related Articles

Back to top button