KeralaLatest

ഊര്‍ജ്ജ സാക്ഷരത അനിവാര്യം: ഡോ. ചേതന്‍ സോളങ്കി

“Manju”

കൊച്ചി: ഭാവിയിലെ വലിയ ദുരന്തങ്ങളില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യര്‍ ഊര്‍ജ്ജ സാക്ഷരതയും ഊര്‍ജ്ജ സ്വാതന്ത്ര്യവും നേടുക എന്നത് അനിവാര്യമാണെന്ന് ഇന്ത്യയുടെ സോളാര്‍ മാന്‍ ഡോ.ചേതന്‍ സിങ് സോളങ്കി പറഞ്ഞു. സോളങ്കിയുടെ ഊര്‍ജ്ജ സ്വരാജ് യാത്രയുടെ ഭാഗമായ പ്രശസ്ത സോളാര്‍ ബസ് യാത്രയ്ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നല്‍കിയ സ്വീകരണത്തില്‍ ഊര്‍ജ്ജവും, കാലാവസ്ഥാ വ്യതിയാനവും ഞാനും’ എന്ന വിഷയത്തില്‍ നൈപുണ്യ വികസനം, ഉപജീവന സൃഷ്ടി, ഊര്‍ജ്ജ സ്വാതന്ത്ര്യം, പ്രാദേശക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തല്‍, കാലാവസ്ഥാ വ്യതിയാന ലഘൂകരണം എന്നീ മേഖലകളെ ഉള്‍പ്പെടുത്തി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ തലത്തില്‍ ഊര്‍ജ്ജ ഉപഭോഗം സംബന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നും ഓരോരുത്തരും ഊര്‍ജ്ജസ്വരാജ് പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്ന നിലയില്‍ കുസാറ്റ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍കൈ എടുത്ത് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുസാറ്റ് സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ അഡ്വാന്‍സ്ഡ് മെറ്റീരിയലും ഫിസിക്സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഫിസിക്സ് വകുപ്പ് ഓഡിറ്റോറിയത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എന്‍.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.

എനര്‍ജി സ്വരാജ് ഫൗണ്ടേഷന്റെ സ്ഥാപകനായ ഡോ. സോളങ്കി, മധ്യപ്രദേശ് സര്‍ക്കാരിന്റെ സോളാര്‍ എനര്‍ജിയുടെ ബ്രാന്‍ഡ് അംബാസഡറും ഐഐടി ബോംബെയിലെ പ്രൊഫസറുമാണ്. ഊര്‍ജ സംരക്ഷണത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കാനുള്ള തന്റെ ശ്രമങ്ങളുടെ ഭാഗമായി, 2030 വരെ വീട്ടില്‍ പോകില്ലെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം, 3.2 കിലോവാട്ട് സോളാര്‍ പാനലുകളും 3 കെവിഎ ഇന്‍വെര്‍ട്ടറും മണിക്കൂറില്‍ 6 കിലോവാട്ട് ശേഷിയുള്ള സോളാര്‍ ബസിലാണ് യാത്രയും താമസവും. ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കു ബസില്‍ ബാറ്ററി സംഭരണം, ലൈറ്റുകള്‍, കൂളര്‍, സ്റ്റൗ, ടിവി, എസി, ലാപ്ടോപ്പ് ചാര്‍ജിംഗ് സൗകര്യം എന്നിവ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കുസാറ്റ് ക്യാമ്പസില്‍ എത്തിയ സോളാര്‍ ബസില്‍ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.

100% സൗരോര്‍ജ്ജം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു പൊതു പ്രസ്ഥാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്ത എനര്‍ജി സ്വരാജ യാത്ര 2020 നവംബറിലാണ് ആരംഭിച്ചത്. ഇതിനകം 17,000 കിലോമീറ്റര്‍ പിന്നിട്ട എനര്‍ജി സ്വരാജ് യാത്ര ഏഴ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 55,000 ആളുകളെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കിടയില്‍ ഊര്‍ജ സാക്ഷരത പ്രചരിപ്പിക്കുകയും സൗരോര്‍ജ്ജത്തിലേക്ക് മാറാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് അഞ്ചിലധികം തവണ രാജ്യത്തുടനീളം സഞ്ചരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വരും ദിവസങ്ങളില്‍ ഡോ. സോളങ്കി കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമായി സംവദിക്കും.

Related Articles

Back to top button