Latest

വസുധൈവ കുടുംബകമാണ് ഇന്ത്യൻ സംസ്കാരം; ഗ്രാമി പുരസ്‌കാര ജേതാവ് റിക്കി കേജ്

“Manju”

സംഗീത രംഗത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്‌കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ലാസ് വെഗാസിൽ നടന്ന ചടങ്ങിൽ ഇന്ത്യയ്‌ക്കും അഭിമാനനിമിഷമായിരുന്നു. ഇന്ത്യൻ സംഗീത സംവിധായകൻ റിക്കി കേജ് രണ്ടാം തവണയും ഗ്രാമി പുരസ്‌കാരം സ്വന്തമാക്കി. ഡിവൈൻ ടൈഡ്‌സ് എന്ന ആൽബത്തിനാണ് റിക്കിയ്‌ക്ക് പുരസ്‌കാരം ലഭിച്ചത്. റോക്ക് ഇതിഹാസം സ്റ്റുവർട്ട് കോപ്ലാൻഡിനൊപ്പമാണ് കെജ് പുരസ്‌കാരം നേടിയത്.

ഇരുവരുടേയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ഡിവൈൻ ടൈഡ്‌സ്. പുരസ്‌കാര വേദിയിലെത്തിയ റിക്കിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഗുരുതുല്യനായ സ്റ്റ്യുവർട്‌ന്റെ കാലുതൊട്ട് വന്ദിച്ചാണ് അദ്ദേഹം പുസ്‌കാരം വാങ്ങാനായി വേദിയിലേക്ക് എത്തിയത്. പിന്നാലെ നമസ്‌തേ എന്ന് പറഞ്ഞ് എല്ലാവരേയും അഭിസംബോധന ചെയ്യുകയും ചെയ്തു. സംഗീത സംവിധായകൻ എആർ റഹ്മാനും ചടങ്ങിൽ അതിഥിയായിരുന്നു.

‘നമസ്‌തേ, ഡിവൈൻ ടൈഡ്‌സ് ആൽബത്തിന് ഗ്രാമി പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷം. എനിക്ക് സമീപം നിൽക്കുന്ന ഈ ജീവിക്കുന്ന സംഗീത ഇതിഹാസത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിങ്ങളെല്ലാവരോടും ഒരുപാട് സ്‌നേഹമാണ്’ റിക്കി പറഞ്ഞു. വസുധൈവ കുടുംബകമെന്ന വലിയ ആശയം ലോകത്തിനു മുന്നിലേക്ക് അവതരിപ്പിച്ച ശേഷമാണ് റിക്കി വേദിവിടുന്നത്.

വസുധൈവ കുടുംബകമെന്ന പാരമ്പര്യമാണ് ഇന്ത്യ പിന്തുടരുന്നത്. വസുധൈവ കുടുംബകമെന്നാൽ മനുഷ്യർ തമ്മിലുള്ള ഒരുമ മാത്രമല്ല. മനുഷ്യരും പ്രകൃതിയും ഭൂമിയും പഞ്ചഭൂതങ്ങളുമെല്ലാമുള്ളതിന്റെ ലയനമാണിത്. ഇത് തന്നെയാണ് ഡിവൈൻ ടൈഡ്‌സ് എന്ന ആൽബത്തിൽ പറയുന്നതെന്നും റിക്കി കേജ് പറഞ്ഞു.

നോർത്ത് കരോലീനയിൽ ജനിച്ച റിക്കിയുടെ അച്ഛൻ പഞ്ചാബിയും അമ്മ മാർവാരിയുമാണ്. എട്ട് വയസ്സായപ്പോൾ തന്നെ റിക്കിയും കുടുംബവും ബംഗളൂരുവിലേക്ക് താമസം മാറി. ബംഗളൂരുവിലെ ഓക്‌സ്‌ഫോർഡ് ഡെന്റൽ കോളേജിൽ ബിരുദം നേടിയ റിക്കി കരിയറായി തെരഞ്ഞെടുത്തത് സംഗീതം ആയിരുന്നു. ബംഗളൂരുവിലെ റോക്ക് ബാൻഡായ ഏഞ്ചൽ ഡസ്റ്റിൽ കിബോർഡിസ്റ്റായി തുടങ്ങിയ റിക്കിയ്‌ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

രണ്ടാമത്തെ ഗ്രാമി അവാർഡാണ് റിക്കി കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 2015ലാണ് ആദ്യത്തെ ഗ്രാമി ആവർഡ് ലഭിക്കുന്നത്. വിൻഡ്‌സ് ഓഫ് സംസാര എന്ന ആൽബത്തിനായിരുന്നു പുരസ്‌കാരം. ഗ്രാമി അവാർഡ് സ്വന്തമാക്കിയ റിക്കിയെ പ്രശംസിച്ച് പ്രധാനമന്ത്രിയും എത്തിയിരുന്നു. അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രിയോട് നന്ദി പറയാൻ വാക്കുകൾ ലഭിക്കുന്നില്ലെന്നാണ് റിക്കി ട്വിറ്ററിൽ കുറിച്ചത്.

 

Related Articles

Back to top button