KeralaLatest

കുണ്ടറ ടെക്നോപാര്‍ക്കിലെ പ്രത്യേക സാമ്പത്തികമേഖല 33.45 ഏക്കര്‍ മാത്രം

“Manju”

കൊല്ലം: കുണ്ടറ ടെക്നോപാര്‍ക്കിലെ പ്രത്യേക സാമ്പത്തികമേഖല (എസ്‌ഇസെഡ്‌) ഇനി 33.45 ഏക്കര്‍ മാത്രം. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച്‌ കുണ്ടറ ടെക്നോപാര്‍ക്കുമായി ബന്ധപ്പെട്ട 44.47 ഏക്കര്‍ പ്രത്യേക സാമ്പത്തികമേഖലയില്‍നിന്ന് 11.02 ഏക്കര്‍ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെയാണിത്‌. പേരയം, മുളവന വില്ലേജുകളിലാണ്‌ ഒഴിവാക്കുന്ന സ്ഥലം.

കേന്ദ്രസര്‍ക്കാരിനാണ്‌ പ്രത്യേക സാമ്പത്തികമേഖലയുടെ ചുമതല. സംസ്ഥാന സര്‍ക്കാര്‍ ഇടപെടലില്‍ നിരവധി ഐടി കമ്പനികള്‍ പുതിയതായി വരുന്നുണ്ട്‌. മുന്‍കാലത്തെങ്ങും ഇത്രയും മുന്നേറ്റം ഐടി മേഖലയില്‍ ഉണ്ടായിട്ടില്ല. കയറ്റുമതി ലക്ഷ്യമിടുന്ന വന്‍കിട സംരംഭകര്‍ക്കൊപ്പം തദ്ദേശീയരായ നൂറുകണക്കിന്‌ സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം സന്നദ്ധത അറിയിച്ചുകഴിഞ്ഞു. വിവിധ കാരണങ്ങളാല്‍ പ്രത്യേക സാമ്പത്തികമേഖലയില്‍ മുതല്‍മുടക്കാന്‍ ഇവരില്‍ പലര്‍ക്കും കഴിയണമെന്നില്ല. ഒരു കുടക്കീഴില്‍ നോണ്‍ എസ്‌ഇസെഡ്‌ മേഖല വരുന്നത്‌ പുതിയ സംരംഭകര്‍ക്ക്‌ നല്ല അവസരമാകും. പുതിയകാലത്ത്‌ വീടിനടുത്ത്‌ ജോലിചെയ്യാന്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടുന്ന കമ്പനികള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളാകാന്‍ കഴിയും. കൊച്ചി, തിരുവനന്തപുരം ടെക്‌നോപാര്‍ക്കുകളിലെ വന്‍കിട സംരംഭകരില്‍ ചിലരും കൊല്ലത്ത്‌ പ്രത്യേക സാമ്പത്തികമേഖലയിലല്ലാത്ത സ്ഥലത്തിന്‌ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.

കുണ്ടറ സിറാമിക്‌സിന്റെ ഭൂമിയാണ്‌ പാര്‍ക്കിനുവേണ്ടി ഏറ്റെടുത്തത്‌. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെഎസ്‌ഐടിഐഎല്‍) അപേക്ഷ പ്രകാരം 2009ല്‍ 44.47 ഏക്കര്‍ സ്ഥലം എസ്‌ഇസെഡ് ആയി വാണിജ്യമന്ത്രാലയം വിജ്ഞാപനം ചെയ്തു. 2011ല്‍ ആണ്‌ കുണ്ടറയില്‍ ടെക്‌നോപാര്‍ക്ക്‌ ആരംഭിച്ചത്‌. 2020 മേയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഇതില്‍ 11.02 ഏക്കര്‍ ഡീനോട്ടിഫൈ ചെയ്യണമെന്ന് അപേക്ഷ നല്‍കി. ഇതു പരിഗണിച്ചാണ് കേന്ദ്രവിജ്ഞാപനം.

Related Articles

Back to top button