KeralaLatest

ഇവരുടെ വീടിനകത്ത് നിറയെ മാളം, പാമ്പുകള്‍

“Manju”

 

വടക്കാഞ്ചേരി: 50 സെന്റോളം വിസ്തൃതിയുള്ള പുരയിടത്തിലേക്ക് കടക്കുമ്പോഴേ കാണാം മുന്‍വശത്തെ സര്‍പ്പക്കാവ്. വളപ്പിലെ ഓടുമേഞ്ഞ ആ തറവാട്ടുവീട്ടില്‍ പാമ്പുകള്‍ക്ക് സ്വൈരമായി വിഹരിക്കാം.
വീടിന്റെ അകത്തളത്തില്‍ മച്ചിലേക്ക് കയറുന്ന ഗോവണിപ്പടിക്കടുത്ത് വലിയ മണ്‍പുറ്റ്. തൊട്ടടുത്ത മുറിയില്‍ നിറയെ മാളം. പാര്‍ക്കുന്ന സ്വന്തം വീട്ടകം തന്നെ പാമ്പുകള്‍ക്കായി വിട്ടുനല്‍കിയിരിക്കുകയാണ് മിണാലൂര്‍ കള്ളിവളപ്പില്‍ രാമന്‍ രാധ, ദമ്പതികള്‍.
പാമ്പിനെ കണ്ടാല്‍ ഉടനെ തല്ലിക്കൊല്ലുന്നവര്‍ ഇവരുടെ വീടിനകം കണ്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും. ഇടയ്ക്കിടെ വീട്ടിനുള്ളില്‍ പാമ്പിനെ കാണാം. എന്നാല്‍ ഇവ ഉപദ്രവിക്കാറില്ലെന്ന് കുടുംബം പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍വികന്മാരായി ഇവരുടെ തറവാട്ടില്‍ നാഗാരാധന നടത്തിയിരുന്നു.
മാതാപിതാക്കളുടെ കാലത്തുള്ള ആ നാഗാരാധന സമ്പ്രദായം പിന്നീട് അങ്ങനെ തന്നെ നിലനിറുത്തുകയായിരുന്നു. ഇരുപത് വര്‍ഷം മുമ്പാണ് പാമ്പിന്‍പുറ്റ് ആദ്യം കാണുന്നത്. വിശ്വാസത്തിന്റെ പേരില്‍ രാമന്‍ അത് അങ്ങനെ തന്നെ നിലനിറുത്തി. വീട്ടിനുള്ളിലെ പാമ്പിന്‍വാസത്തെ ഭാര്യ രാധ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സാഹചര്യങ്ങളോട് ഇണങ്ങുകയായിരുന്നു. ഇരുവര്‍ക്കും മക്കളില്ല. വീട്ടിനുള്ളില്‍ നിരവധി തവണ പാമ്പിനെ കണ്ടിട്ടുള്ളതായി രാധ പറഞ്ഞു. വീടിന് മുന്‍വശത്തുള്ള പാമ്പിന്‍കാവിലെ അരളി മരത്തിലും പാമ്പുകളെ കാണാറുണ്ട്. ഇപ്പോഴതെല്ലാം ശീലമായെന്നും അവര്‍ പറയുന്നു.
ദിവസവും വീട്ടിനുള്ളിലെ മണ്‍പുറ്റില്‍ ഇവര്‍ വിളക്ക് തെളിക്കും. സമീപവാസികള്‍ പലരും ഇവരുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പാമ്പുകളെ കണ്ടിട്ടുണ്ട്. എന്നാല്‍ ആരെയും പാമ്പുകള്‍ ഉപദ്രവിക്കാറില്ലെന്ന് പറയുന്നു. രണ്ട് പശുക്കളെ വളര്‍ത്തി അതിന്റെ പാലു വിറ്റാണ് ഇരുവരും കഴിഞ്ഞുകൂടുന്നത്. പാമ്പിന്റെ താവളമാണെങ്കിലും ഉപജീവനമാര്‍ഗത്തിന് ഇതുവരെ മുട്ടുവന്നിട്ടില്ലെന്നും രാമന്‍ പറയുന്നു.

Related Articles

Back to top button