IndiaLatest

പരമ്പരാഗത ചികിത്സയ്‌ക്കെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ

“Manju”

ന്യൂഡല്‍ഹി: മെഡിക്കല്‍ ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പാരമ്പര്യ ചികിത്സകള്‍ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കായി പ്രത്യേക ആയുഷ് വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആഗോള ആയുഷ് നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരമ്പര്യ ചികിത്സയുടെ ഭാഗമായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തേക്കുമുള്ള യാത്രയും എളുപ്പമാക്കാന്‍ ആയുഷ് വിസ സഹായകമായിരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ ആയുഷ് ഉത്പന്ന നിര്‍മാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ പോര്‍ട്ടല്‍ സ്ഥാപിക്കുന്നതുള്‍പ്പടെ, ആയുഷ് മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ആദാനോം ഗബ്രിയേസസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നാഥ്, കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പരമ്പരാഗത ചികിത്സ വിദേശികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ്. അതിനാല്‍ പാരമ്പര്യ ചികിത്സയ്ക്കായി രാജ്യത്ത് കൂടുതല്‍ വികസനങ്ങള്‍ കൊണ്ടു വരും. ആയുഷ് ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ആയുഷ് മാര്‍ക്ക് അവതരിപ്പിക്കും. കൂടാതെ അവയ്ക്കായി ആയുഷ് ഇ മാര്‍ക്കറ്റ് വ്യാപിപ്പിക്കാനുള്ള പദ്ധതിയും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014ല്‍ ആയുഷ് മേഖലയുടെ മൂല്യം മൂന്ന് ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ അത് 18 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്.

Related Articles

Back to top button