InternationalLatest

ചൊവ്വയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പുതിയ വഴി കണ്ടെത്തി

“Manju”

ലോകത്തിലെ മുന്‍നിര ബഹിരാകാശ ഏജന്‍സികളെല്ലാം നോട്ടമിട്ടിരിക്കുന്നത് ചൊവ്വ ഗ്രഹത്തെയാണ്. ഭൂമിയെപ്പോലെ ചൊവ്വയിലും മനുഷ്യവാസം സാദ്ധ്യമാകുമെന്ന് തന്നെയാണ് എല്ലാ ബഹിരാകാശ ശാസ്ത്രജ്ഞരുടെയും പ്രതീക്ഷ.ഇതിന്റെ ഭാഗമായി നിരവധി പരീക്ഷണങ്ങളാണ് ലോകത്ത് നിരന്തരം നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിലൂടെ ചൊവ്വയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന സ്പേസ് ബ്രിക്സ് (ബഹിരാകാശ ഇഷ്ടികകള്‍) വികസിപ്പിച്ച്‌ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ. ഇഷ്ടികകളായി രൂപാന്തരപ്പെടുന്ന ബാക്ടീരിയകളെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി (ഐഐഎസ്‌സി) ചേര്‍ന്നാണ് ഐഎസ്‌ആര്‍ഒയുടെ പരീക്ഷണം. ബയോമിനറലൈസേഷന്‍ എന്ന സ്വാഭാവിക പ്രക്രിയയിലൂടെയാണ് ഇത് സാദ്ധ്യമാക്കിയത്.

മനുഷ്യര്‍ക്കും മറ്റ് ശാസ്ത്രജ്ഞര്‍ക്കുമൊക്കെ ചൊവ്വയില്‍ താമസിക്കുവാനും പരീക്ഷണങ്ങള്‍ നടത്തുവാനും കെട്ടിടങ്ങള്‍ ആവശ്യമായി വരും. അതിനാല്‍ തന്നെ ഇവ നിര്‍മിക്കാനുള്ള സാമഗ്രികളും അവിടെയെത്തണം. ഭൂമിയില്‍ നിന്ന് നിന്ന് ബഹിരാകാശത്തേക്ക് ഭാരമുള്ള ഇഷ്ടികകള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ വലിയ അളവില്‍ കൊണ്ടുപോവുക എന്നത് ചെലവേറിയതും സമയനഷ്ടം വരുത്തുന്നതുമായ കാര്യമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു ഗവേഷണത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ഈ പരീക്ഷണത്തലൂടെ ഇഷ്ടികകള്‍ക്ക് പകരം ഈ ബാക്ടീരിയകളെ മാത്രം കൊണ്ടു പോയാല്‍ മതിയാകും. അവ നിര്‍മാണം നടത്തേണ്ട സ്ഥലത്ത് വച്ച്‌ കട്ടകള്‍ നിര്‍മിക്കും.

ചില പ്രത്യേകതരം ബാക്ടീരിയകള്‍ക്ക് സവിശേഷ സാഹചര്യങ്ങളില്‍ മൈക്രോബിയല്‍ ഇന്‍ഡ്യൂസ്ഡ് കാല്‍സൈറ്റ് പ്രസിപിറ്റേഷന്‍ (എംഐസിപി) എന്ന സ്വാഭാവിക പ്രക്രിയ ഉപയോഗിച്ച്‌ മണ്ണില്‍ കാല്‍സ്യം കാര്‍ബണേറ്റ് നിര്‍മിക്കുവാനുള്ള കഴിവുണ്ട്. ഈ പ്രക്രിയയില്‍ ഭൂമിയിലെ മണ്ണിന് പകരം മാര്‍ഷ്യന്‍ സിമുലന്റ് സോയില്‍ (എംഎസ്‌എസ്) എന്നറിയപ്പെടുന്ന ചൊവ്വയിലെ മണ്ണിന് സമാനമായ പദാര്‍ത്ഥം ഉപയോഗിച്ചാണ് ഐഐഎസ്സിയിലെ ഡോ. അലോക് കുമാറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്.

സ്‌പോറോസാര്‍സിന പാസ്ച്യുറി എന്ന ബാക്ടീരിയെയാണ് ഈ പരീക്ഷണത്തിനായി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്. യൂറിയയും കാല്‍സ്യവും ഉപയോഗിച്ചുള്ള ഉപാപചയ പ്രക്രിയയിലൂടെ ഈ ബാക്ടീരിയകള്‍ കാല്‍സ്യം കാര്‍ബണേറ്റ് തരികള്‍ നിര്‍മിക്കുന്നതെന്ന് ഡോ. അലോക് കുമാര്‍ പറഞ്ഞു. ബയോമിനറലൈസേഷന്‍ എന്ന പ്രക്രിയ ഭൂമിയിലെ ജീവന്റെ ആവിര്‍ഭാവവുമായി വളരെ ബന്ധമുള്ളതാണെന്നും അദ്ദേഹം ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. മാര്‍ഷ്യന്‍ സിമുലന്റ് സോയിലില്‍ ബാക്ടീരിയകള്‍ നിര്‍മിക്കുന്ന ഈ ഇഷ്ടികകള്‍ തമ്മില്‍ ചേര്‍ത്തു നിറുത്താന്‍ പ്രകൃതിദത്തമായ ഗ്വാര്‍ ഗം എന്ന ഒരു പോളിമറാണ് ഉപയോഗിക്കുന്നത്.

Related Articles

Back to top button