IndiaLatest

പോലീസില്‍ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്കു് ഇനി ബോഡി ക്യാമറ

“Manju”

തിരുവനന്തപുരം: നിലവില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു 125 ബോഡി ക്യാമറ നല്‍കിയിട്ടുണ്ട്. ഇതു ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വനിതാ പൊലീസിനും പട്രോളിങ് ഡ്യൂട്ടിയില്‍ പോകുന്നവര്‍ക്കും നല്‍കാനാണ് പുതിയ ആലോചന. ഇതിനായി കുറഞ്ഞതു 5000ത്തോളം ക്യാമറ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ഒരെണ്ണത്തിനു ശരാശരി 6000 രൂപയാണു വില. പൊലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചു വാങ്ങാനാണ് ആലോചന. ശുപാര്‍ശ ഉടന്‍ സര്‍ക്കാരിനു നല്‍കും.
ക്യാമറ പ്രവര്‍ത്തിക്കുന്നത് എങ്ങനെ ?
ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള ആധുനിക ബോഡി ക്യാമറകള്‍ വാങ്ങാനാണ് ഉദ്ദേശ്യം. ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങളും ശബ്ദവും 4ജി സിം ഉപയോഗിച്ചു ജിഎസ്‌എം സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ മറ്റു കേന്ദ്രത്തിലേക്കോ അയയ്ക്കാം. പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു മൊബൈല്‍ ഫോണിലൂടെയോ നെറ്റ്‌വര്‍ക്ക് കണക്‌ഷനുള്ള ടിവിയിലൂടെയോ ദൃശ്യങ്ങള്‍ കാണാനും നിര്‍ദേശം നല്‍കാനും കഴിയും. ക്യാമറയോട് അനുബന്ധിച്ചുള്ള ‘പുഷ് ടു ടോക്’ സംവിധാനം വഴി സീനിയര്‍ ഓഫിസര്‍ക്കു ക്യാമറ ഘടിപ്പിച്ച പൊലീസ് ഓഫിസറോടും തിരിച്ചും സംസാരിക്കാനാവും. ക്യാമറ സംവിധാനം ചേര്‍ന്ന ഒരു ഗ്രൂപ്പിനുള്ളില്‍ അംഗങ്ങള്‍ക്കു പരസ്പരം സംസാരിക്കാനും കഴിയും.
64 ജിബി മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വിഡിയോ റെക്കോര്‍ഡിങ് സൗകര്യങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോര്‍ഡിങ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കും. ഇതാണു ട്രാഫിക് പൊലീസിനു നല്‍കിയിട്ടുള്ളത്. നിലവില്‍ പൊലീസുകാര്‍ മൊബൈല്‍ ഫോണില്‍ അക്രമ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നാലു വശത്തു നിന്നും ജനം അതിലും കൂടുതല്‍ മൊബൈല്‍ ഉപയോഗിച്ചു പൊലീസ് അതിക്രമം ചിത്രീകരിക്കുന്ന സ്ഥിതിയാണ്.

Related Articles

Back to top button