LatestThiruvananthapuram

4 വർഷ ബിരുദം സർവ്വകലാശാലകളില്‍ ആരംഭിക്കാന്‍ ധാരണ

“Manju”

തിരുവനന്തപുരം: ഗവേഷണത്തോടൊപ്പമുള്ള നാലുവര്‍ഷ ബിരുദകോഴ്സുകള്‍ കോളേജുകളില്‍ തുടങ്ങേണ്ടെന്നും സര്‍വകലാശാലകളില്‍ ആരംഭിക്കാനും ധാരണയായി. ദേശീയവിദ്യാഭ്യാസനയം സംബന്ധിച്ച്‌ യു.ജി.സി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിച്ച വൈസ് ചാന്‍സലര്‍മാരുടെയും അദ്ധ്യാപകവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് ധാരണ. കോളേജുകളില്‍ നാലാം വര്‍ഷത്തേക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ മുടക്കുമുതല്‍ വേണ്ടിവരും. അതേസമയം, എം.ജി, കുസാറ്റ് സര്‍വകലാശാലകളില്‍ നിലവില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്സുകളുണ്ടെന്നതിനാല്‍ നാലുവര്‍ഷ ബിരുദകോഴ്സ് തുടങ്ങാനാവും. നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറും.

വിദ്യാര്‍ത്ഥിക്ക് താത്പര്യമില്ലെങ്കില്‍ മൂന്നാംവര്‍ഷം പഠനം അവസാനിപ്പിക്കാവുന്ന എക്സിറ്റ് ഓപ്ഷനോടെയായിരിക്കും നാലുവര്‍ഷ ബിരുദ കോഴ്സ്. എല്ലാ സര്‍വകലാശാലകളിലും നാലുവര്‍ഷ കോഴ്സ് തുടങ്ങണമെന്ന് വി.സിമാര്‍ നിര്‍ദ്ദേശിച്ചു. കോളേജുകളില്‍ ഒരേസമയം മൂന്ന്, നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നടത്തിയാല്‍ മൂന്നുവര്‍ഷ കോഴ്സിന് ഡിമാന്റില്ലാതാവുമെന്നും നാലുവര്‍ഷ ബിരുദം നേടിയവര്‍ക്ക് തൊഴില്‍ മേഖലയില്‍ മുന്‍ഗണന ലഭിക്കുമെന്നും വി.സിമാര്‍ വിലയിരുത്തി. എപ്പോള്‍ വേണമെങ്കിലും പഠനം നിറുത്താവുന്ന ഫ്രീ എക്സിറ്റ് സംവിധാനം പ്രൊഫഷണല്‍ കോഴ്സുകളിലെപ്പോലെ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകളില്‍ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടി.

 

Related Articles

Back to top button