LatestThiruvananthapuram

ഒരുരൂപ കുറഞ്ഞതിന് യാത്രക്കാരന് മര്‍ദനം: ബസ് ജീവനക്കാര്‍ അറസ്റ്റില്‍

“Manju”

പേരൂര്‍ക്കട: സ്വകാര്യബസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ ബസ് ജീവനക്കാര്‍. സംഭവത്തില്‍ കണ്ടക്ടറും ഡ്രൈവറും അറസ്റ്റില്‍. കണ്ടക്‌ടര്‍ വട്ടിയൂര്‍ക്കാവ് മൂന്നാമ്മൂട് സ്വദേശി സുനില്‍ (29), ഡ്രൈവര്‍ കാട്ടാക്കട വീരണകാവ് സ്വദേശി അനീഷ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചിറയിന്‍കീഴ് സ്വദേശി ഷിറാസിനെയാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പേരൂര്‍ക്കട അമ്പലംമുക്ക് ജങ്ഷന് സമീപത്ത് വെച്ച്‌ മര്‍ദ്ദിച്ചത്. ഇലക്‌ട്രീഷ്യനായ ഷിറാസ് നേരേത്ത ജോലി ചെയ്‌ത വകയില്‍ കിട്ടാനുള്ള ബാക്കി കൂലി വാങ്ങാനായി കല്ലമ്പലത്തു നിന്നും പേരൂര്‍ക്കട എത്തിയതായിരുന്നു. തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനായി പേരൂര്‍ക്കടയില്‍ നിന്ന് ഉച്ചക്ക് രണ്ടോടെ സൂര്യ എന്ന സ്വകാര്യ ബസില്‍ കയറി.

പാളയം വരെ പോകുന്നതിനായി പേരൂര്‍ക്കടയില്‍ നിന്ന് സ്വകാര്യബസില്‍ 13 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. എന്നാല്‍, ഷിറാസിന്റെ കൈവശം 12 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു രൂപ കുറവുള്ളതിനാല്‍ യാത്ര പറ്റില്ലെന്നു പറഞ്ഞ കണ്ടക്‌ടര്‍ ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
ഇതിനുശേഷം യാത്രക്കാരന്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച്‌ ബസ് ജീവനക്കാരായ അനീഷും സുനിലും പേരൂര്‍ക്കട പൊലീസില്‍ വ്യാജപരാതിയും നല്‍കി. ബസിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ആരുംതന്നെ സംഭവത്തോട് പ്രതികരിച്ചില്ലെങ്കിലും യാത്രക്കാരില്‍ ഒരാള്‍ ഈ രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സൂര്യ എന്ന സ്വകാര്യ ബസിനെതിരെയാണ് പൊലീസ് കേസെടുത്തത്.

Related Articles

Back to top button