KeralaLatest

ഫ്രാന്‍സില്‍ വനിതാ പ്രധാനമന്ത്രി

നിയമനം മൂന്ന് പതിറ്റാണ്ട് ശേഷം

“Manju”

ഫ്രാന്‍സിലെ തൊഴില്‍ മന്ത്രിയായ എലിസബത്ത് ബോണിനെ ഫ്രഞ്ച് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. മൂന്ന് പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഫ്രാന്‍സിന് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുന്നത്. നിലവിലെ പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് പ്രസിഡന്റിന് രാജിക്കത്ത് കൈമാറിയ പശ്ചാത്തലത്തിലാണ് മാക്രോണിന്റെ പ്രഖ്യാപനം.
ജൂണിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മന്ത്രിസഭയില്‍ വലിയ അഴിച്ചുപണി നടത്താന്‍ മാക്രോണ്‍ പദ്ധതിയിടുന്നതായി മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാരിസ്ഥിതിക ബോധവും ഇടതുചിന്താഗതിയുമുള്ള ഒരു വനിതയെ പ്രധാനമന്ത്രിയാക്കാനാകും നീക്കം നടക്കുക എന്നും പ്രവചനങ്ങളുണ്ടായിരുന്നു.
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1991 മെയ് മുതല്‍ 1992 ഏപ്രില്‍ വരെ പ്രസിഡന്റ് ഫ്രാങ്കോയിസ് മിത്തറാണ്ടിന്റെ കീഴില്‍ ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നു എഡിത്ത് ക്രെസണ്‍ എന്ന വനിത പ്രധാനമന്ത്രിയായിരുന്നത്. പിന്നീട് പ്രധാനമന്ത്രി പദവിയിലേക്ക് ഒരു സ്ത്രീയ്ക്കും ചെന്നെത്താന്‍ സാധിച്ചിരുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനുമാകും എലിസബത്ത് ബോണ്‍ ആദ്യഘട്ടത്തില്‍ ഊന്നല്‍ കൊടുക്കുകയെന്ന് ഫ്രാന്‍സിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button