IndiaLatest

നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വ‌ര്‍ഷം തടവ്

“Manju”

കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വ‌ര്‍ഷം തടവ്. 34 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്, റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസില്‍ സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്.

നേരത്തെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ഈ കേസില്‍ സിദ്ദുവിന് മൂന്നുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയ സിദ്ദു അനുകൂല വിധി നേടിയെങ്കിലും കൊല്ലപ്പെട്ട ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് സിദ്ദുവിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

1988ല്‍ ഡിസംബര്‍ 27ന് റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ പട്യാല സ്വദേശി ഗുര്‍നാം സിംഗിനെ സുഹൃത്തിനൊപ്പം സിദ്ദു മര്‍ദ്ദിച്ചെന്നും തലയ്ക്കടിയേറ്റ് ഇയാള്‍ മരിച്ചു എന്നുമാണ് കേസ്. 99ല്‍ പഞ്ചാബിലെ സെഷന്‍സ് കോടതി ഈ കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. സംഭവത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കള്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയുമായിരുന്നു.

സുപ്രീംകോടതിയെ സമീപിച്ച സിദ്ദു കുറ്റകൃത്യ സ്വഭാവത്തോടെ നടന്ന സംഭവമായിരുന്നില്ല ഇതെന്ന് വാദിച്ചു. വാദം അംഗീകരിച്ച കോടതി തടവുശിക്ഷ ഒഴിവാക്കുകയും മുറിവേല്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ മര്‍ദ്ദിച്ചു എന്നത് കണക്കിലെടുത്ത് 1000 രൂപ പിഴയൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്ത് ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് മുന്‍ ക്രിക്കറ്റ് താരത്തെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. സിദ്ദുവിനോട് ഉടന്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button