Uncategorized

പത്തിലധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയ വീട്ടമ്മയുടെ കഥ

“Manju”

 

ഇരുമ്ബനം: പ്രതിസന്ധികള്‍ക്കിടയിലും അവര്‍ സ്വപ്നം കാണാന്‍ മറന്നില്ല. സ്വപ്നങ്ങളെ കേവലം സ്വപ്‌നങ്ങള്‍ മാത്രമായി തളച്ചിടാതെ അത് പൂര്‍ത്തിയാക്കാന്‍ അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു.

എന്താണ് സ്വപ്നം എന്നല്ലേ . ലോക സഞ്ചാരം . അതെ മോളി എന്ന ഈ വീട്ടമ്മയുടെയും ആഗ്രഹം ലോകം ചുറ്റി കാണണം എന്നതാണ്. ഭര്‍ത്താവിന്റെ മരണ ശേഷം മക്കളെ പഠിപ്പിച്ചു, അവരുടെ വിവാഹം നടത്തി. അതിനു ശേഷമാണ് മോളി തന്റെ സ്വപ്നത്തിലേക്കു പറന്നുതുടങ്ങിയത്. ഇപ്പോള്‍ 10ലധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയ സന്തോഷത്തിലാണ് ചിത്രപ്പുഴയില്‍ പലചരക്കുകട നടത്തുന്ന 61കാരിയായ മോളി.

2004ലാണ് മോളിയുടെ ഭര്‍ത്താവ് ജോയി, ഹൃദയസംബന്ധമായ അസുഖംമൂലം മരിച്ചത്. കൂലിപ്പണിക്കാരനായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം കുടുംബത്തിന്റെ ചുമതല മോളിയുടെതായി. വീടിനോട് ചേര്‍ന്നുള്ള പലചരക്ക് കടയായിരുന്നു ഏക വരുമാനമാര്‍ഗം. കട കുറച്ചുകൂടി മെച്ചപ്പെടുത്തി. കൂടുതല്‍ സമയം തുറന്നുവെച്ചു. ഇടറോഡില്‍ അന്ന് കൂടുതല്‍ കടകള്‍ ഇല്ലാതിരുന്നതിനാല്‍ നല്ല കച്ചവടം കിട്ടി, നാട്ടുകാരുടെ പിന്തുണയും.
2012ലാണ് ആദ്യ യാത്ര, യൂറോപ്പിലേക്ക്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, വത്തിക്കാന്‍ തുടങ്ങി യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ കറങ്ങി തിരിച്ചെത്തി. ട്രാവല്‍ ഏജന്‍സി വഴിയായിരുന്നു ആദ്യ യാത്ര. ആദ്യ യാത്രയില്‍ കിട്ടിയ സമാന ചിന്താഗതിക്കാരായ നിരവധി കൂട്ടുകാരുടെ സഹായം പിന്നീടുള്ള യാത്രകള്‍ക്ക് തുണയായി.
2015ല്‍ സിങ്കപ്പൂര്‍, മലേഷ്യ യാത്രകള്‍. 2017ല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അടുത്തറിഞ്ഞു. ഡല്‍ഹി, ആഗ്ര, ജയ്പുര്‍ തുടങ്ങിയ നഗരങ്ങള്‍ കറങ്ങിയശേഷം 2019ല്‍ വീണ്ടും 15 ദിവസം യാത്രയ്ക്കായി ഇംഗ്ലണ്ട്, പോളണ്ട്, ബെല്‍ജിയം, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്ക്. ഇതിനിടയില്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് റോമിലേക്ക് കപ്പല്‍യാത്ര. രണ്ടുദിവസത്തെ കപ്പല്‍യാത്ര തന്ന ആഴക്കടല്‍യാത്രയുടെ അനുഭവങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്.
2021ലാണ് അമേരിക്കന്‍ യാത്ര. വിദേശയാത്രകള്‍ക്ക് മുമ്ബുതന്നെ ദക്ഷിണേന്ത്യയിലെ മിക്കവാറും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടുകഴിഞ്ഞിരുന്നു. പ്രാദേശികമായ വിനോദയാത്രകള്‍ക്ക് ഒപ്പംപോയാണ് മോളി യാത്രകള്‍ തുടങ്ങുന്നത്.
പോയ സ്ഥലങ്ങളെ കുറിച്ചും യാത്രാനുഭവങ്ങളെ കുറിച്ചും മോളി തന്റെ ചെറു ഡയറിയില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്. യാത്രകള്‍ക്കായി ഒരുരൂപ പോലും മറ്റൊരാളില്‍ നിന്ന് വാങ്ങിയിട്ടില്ല. സ്വന്തം അധ്വാനത്തില്‍ നിന്നു സ്വരൂപിച്ച തുക മാത്രമാണത്. 10 ലക്ഷത്തോളം രൂപ ഇതുവരെ യാത്രയ്ക്കായി ചെലവഴിച്ചു

Related Articles

Back to top button