IndiaKeralaLatest

കൊറിയന്‍ സിനിമകളുടെ സീഡികള്‍ വില്‍പന നടത്തിയെന്ന കുറ്റത്തിന് വധശിക്ഷ നടപ്പിലാക്കി കിം ജോങ് ഉന്‍

“Manju”

പ്യോങ്‌യാങ്:  ദക്ഷിണ കൊറിയന്‍ സിനിമകളുടെ സീഡികള്‍ വില്‍പന നടത്തിയെന്ന കുറ്റത്തിന് വധശിക്ഷ നടപ്പിലാക്കി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഉത്തര കൊറിയക്കാരനായ വോണ്‍സന്‍ ഫാര്‍മിങ് മാനേജ്മെന്റ് കമീഷനില്‍ ചീഫ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ലീ എന്നയാളെയാണ് വെടിവെച്ചുകൊന്നത്.

ദക്ഷിണ കൊറിയന്‍ സിനിമ, സംഗീതം തുടങ്ങിയവയുടെ സീഡികളും പെന്‍ഡ്രൈവുകളും രഹസ്യമായി വില്‍പന നടത്തി എന്നതാണ് ലീ ചെയ്ത കുറ്റം. ഇത് ഉത്തരകൊറിയയില്‍ നിയമവിരുദ്ധമാണ്. സിഡികളും യു.എസ്.ബി സ്റ്റിക്കുകളും 5 മുതല്‍ 12 വരെ ഡോളറിന് വിറ്റതായി ലീ കുറ്റസമ്മതം നടത്തിയതായി ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് പറയുന്നു.
ഏപ്രില്‍ അവസാനമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലീയെ സ്വന്തം കുടുംബം ഉള്‍പെടെ 500 പേരുടെ സാന്നിധ്യത്തില്‍ വെടിവെച്ചുകൊന്നത്. ശിക്ഷാവിധി ലീയെ വായിച്ചുകേള്‍പ്പിച്ച ശേഷം 12 തവണ വെടിയുതിര്‍ത്താണ് ശിക്ഷ നടപ്പാക്കിയത്. സംഭവത്തിന്റെ ദൃക്‌സാക്ഷികളായ ലീയുടെ ഭാര്യയും മകനും മകളും ഇതിന്റെ ആഘാതത്തില്‍ മുന്‍ നിരയില്‍തന്നെ കുഴഞ്ഞുവീണു.
ലീയുടെ മൃതദേഹം ചാക്കില്‍പൊതിഞ്ഞ് വാഹനത്തിലേക്ക് മാറ്റി. വധശിക്ഷ നടപ്പാക്കുന്നതിന് കുടുംബത്തെ സുരക്ഷാ ഗാര്‍ഡുകള്‍ വാനില്‍ കയറ്റി രാഷ്ട്രീയ തടവുകാരുടെ ക്യാമ്ബിലേക്ക് കൊണ്ടുപോയി.
‘നാല് സുരക്ഷാ ഗാര്‍ഡുകള്‍ ലീയുടെ ഭാര്യയെ ഒരു ലഗേജ് പോലെ ചരക്ക് വാഹനത്തിലേക്ക് എടുത്തെറിയുകയായിരുന്നു. ഇത് കണ്ട് കുടുംബക്കാരും അയല്‍ക്കാരും കണ്ണീര്‍ വാര്‍ത്തു. ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റാത്ത സാഹചര്യമാണ്. ദക്ഷിണ കൊറിയന്‍ വിഡിയോ കാണുകയോ വില്‍ക്കുകയോ ചെയ്യുന്നത് ഉത്തരകൊറിയയില്‍ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ തെറ്റ് ചെയ്യുന്നത് കണ്ടവര്‍ അത് അധികൃതരെ അറിയിച്ചില്ലെങ്കില്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. അതിനാല്‍ ആരെയാണ് അടുത്തതായി വധശിക്ഷക്ക് വിധേയനാക്കുകയെന്ന് ആര്‍ക്കും അറിയില്ല’- പേരു വെളിപ്പെടുത്താത്ത ദൃക്‌സാക്ഷിയെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Related Articles

Back to top button