KeralaLatest

‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം വ്യാപിക്കുന്നു; പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍

“Manju”

ന്യൂഡല്‍ഹി: തങ്ങളുടെആവശ്യങ്ങളില്‍ കേന്ദ്രത്തിന്റെ ഉറപ്പല്ല, നടപടിയാണ് വേണ്ടതെന്ന ആവശ്യമുന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ചുമായെത്തിയത്. താങ്ങുവില നിയമപരമാക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകസംഘടനകള്‍ രാജ്യതലസ്ഥാനത്ത് സമരം -ഡല്‍ഹി ചലോ മാര്‍ച്ച്- പ്രഖ്യാപിച്ചത്. അനുനയ നീക്കവുമായി കേന്ദ്ര ഭക്ഷ്യ മന്ത്രി പീ യൂഷ്‌ഗോയല്‍, കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടെ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് ചണ്ഡീഗഢില്‍ നടത്തിയ ചര്‍ച്ച അര്‍ധരാത്രി കഴിഞ്ഞപ്പോഴാണ് അവസാനിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോയത്.

ഡല്‍ഹിയില്‍ നടക്കുന്ന മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമാണ്. ട്രക്കുകളിലും ട്രാക്ടറുകളിലും കാല്‍നടയായും എത്തിയ നൂറുകണക്കിന് കര്‍ഷകരെ പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം രൂപപ്പെട്ടത്. കര്‍ഷകരെ തടയരുതെന്നും അവര്‍ക്ക് ഹരിയാനയിലൂടെ കടന്നു പോകാന്‍ അവകാശമുണ്ടെന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതി വ്യക്തമാക്കി.

കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് വ്യാപകമായി കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ഡ്രോണ്‍ ഉപയോഗിച്ചും കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്നാണ് വിവരം. കര്‍ഷകരുടെ ട്രക്കുകള്‍ പോലീസ് പിടിച്ചെടുത്തു. മാര്‍ച്ച് അക്രമാസക്തമായതോടെ മുന്‍കരുതലെന്ന നിലയില്‍ ചെങ്കോട്ട അടച്ചു. ജിന്ത് അതിര്‍ത്തിയിലും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.പ്രതിഷേധത്തില്‍ നിന്ന് യാതൊരു കാരണവശാലും പിന്‍മാറില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

 

Related Articles

Back to top button