ന്യൂഡല്‍ഹി : ഡല്‍ഹി പൊലീസില്‍ കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷമായി സേവനം തുടരുന്ന സബ് ഇന്‍സ്പെക്ടര്‍ രാകേഷ് കുമാറിന്റെ ജീവിതത്തില്‍ സന്തോഷിക്കാനുള്ള ദിവസമായിരുന്നു നാളെ. തന്റെ മകളുടെ വിവാഹം നടത്താന്‍ തീരുമാനിച്ച ദിവസമായിരുന്നു അത്. എന്നാല്‍ അച്ഛന്റെ ജോലിത്തിരക്ക് മൂലം ആ വിവാഹം മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം പതിമൂന്ന് മുതല്‍ രാകേഷ് കുമാറിന്റെ ഡ്യൂട്ടി രാജ്യതലസ്ഥാനത്തെ ലോധി ശ്മശാനത്തിലാണ്. ഇവിടെയുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക എന്നതും, മരണപ്പെട്ടവരുമായി എത്തുന്ന ആംബുലന്‍സുകളെ നിയന്ത്രിക്കലുമെല്ലാമാണ് അദ്ദേഹത്തിന്റെ ജോലി.
മുന്‍പ് ദിവസവും പത്തില്‍ താഴെയാളുകളെയാണ് ലോധി ശ്മശാനത്തില്‍ സംസ്കരിച്ചിരുന്നത്. എന്നാല്‍ ഇന്ന് അറുപതിനടുത്ത് ആളുകളുടെ ചേതനയറ്റ ശരീരമാണ് ഇവിടെ അഗ്നിക്കിരയാകപ്പെടുന്നത്. പലപ്പോഴും ഇവിടെ അനാഥമാക്കപ്പെട്ട മൃതദേഹങ്ങള്‍ എത്താറുമുണ്ട്. ഒരു മാസത്തിനകത്തെ ഡ്യൂട്ടിക്കിടയില്‍ ഉദ്ദേശം 1100 മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ശ്മശാനത്തിലെ ഉദ്യോഗസ്ഥരെ താന്‍ സഹായിച്ചിട്ടുണ്ടെന്ന് രാകേഷ് പറയുന്നു. എന്നും രാവിലെ 7 മണിക്ക് ഇവിടെ എത്തിയാല്‍ മടങ്ങാനാവുന്നത് ഏറെ വൈകി മാത്രമാണ്.
ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ വേദന എന്നും കണ്ട് മനസ് വേദനിക്കുന്നതിനാലാണ് ഈ അവസരത്തില്‍ മകളുടെ വിവാഹം മാറ്റിവയ്ക്കാന്‍ ഈ ഉദ്യോഗസ്ഥന് തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ നിന്നുള്ളയാളാണ് രാകേഷ് കുമാര്‍. ഭാര്യയും മൂന്ന് മക്കളും അവിടെയാണ് താമസിക്കുന്നത്.