IndiaLatest

മഹാരാഷ്ട്രയില്‍ ഒമിക്രോണിന്റെ ഉപവകഭേദം; രോഗബാധിതര്‍ കേരളത്തിലും യാത്ര ചെയ്തിരുന്നു

“Manju”

മുംബയ്: രാജ്യത്ത് ഭീതി പരത്തി ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം മഹാരാഷ്ട്രയിലും റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് വയസുള്ള ഒരു കുട്ടിയുള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ഇപ്പോള്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളില്‍ നടത്തിയ ജനതിക പരിശോധനയിലാണ് ഉപ വകഭേദങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പാണ് വാര്‍ത്ത് പുറത്തുവിട്ടത്.

രോഗബാധയേറ്റവരില്‍ ഒരാള്‍ ദക്ഷിണാഫ്രിക്കയിലേക്കും മറ്റൊരാള്‍ ബെല്‍ജിയത്തിലേക്കും യാത്ര നടത്തിയവരാണ്. അതേ സമയം മൂന്ന് പേര്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും യാത്ര ചെയ്തവരാണ്. മറ്റ് രോഗികള്‍ സമീപകാലത്ത് യാത്ര ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഏഴു കേസുകളും പൂനെയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നാല് പേരെ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ ബി എ 4 ഉം, മൂന്ന് പേരെ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ ബി എ 5 ഉം ആണ്. ഇവരില്‍ മുതിര്‍ന്ന ആറ് പേരും കൊവിഡിന്റെ രണ്ട് ഡോസുകളും എടുത്തവരാണ്. ഒരാള്‍ ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ട്. അസുഖം ബാധിച്ച കുട്ടിയ്ക്ക് ഇതുവരെ വാക്സിന്‍ ലഭിച്ചിട്ടില്ല. ഇവരെല്ലാം വീടുകളില്‍ ക്വാറന്റീനിലാണ്.

ദക്ഷിണാഫ്രിക്കയുള്‍പ്പെടെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് ഈ ഉപവകഭേദങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലും തെലങ്കാനയിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേയ് നാലിനും 18 നും ഇടയിലാണ് ഇവരുടെ സാമ്പിളുകള്‍ എടുത്തത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ആണ് ജീനോം സീക്വന്‍സിംഗ് നടത്തിയതെങ്കിലും, ഫരീദാബാദിലെ ഇന്ത്യന്‍ ബയോളജിക്കല്‍ ഡാറ്റാ സെന്ററാണ് വകഭേദങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ഈ ഉപവകഭേദങ്ങള്‍ വളരെ വേഗം പടരുന്നതാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ സംയോജിത രോഗ നിരീക്ഷണ പരിപാടിയുടെ മേല്‍നോട്ട ചുമതലയുള്ള ഡോ പ്രദീപ് അവാതെ പറയുന്നത്.

Related Articles

Back to top button