IndiaLatest

കാറില്‍ സാനിറ്റൈസര്‍ സൂക്ഷിക്കുന്നത്; അപകടമോ

“Manju”

 

സിന്ധുമോള്‍ ആര്‍

ദില്ലി: കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെ പലരും ഹൃസ്വദൂര യാത്രകളും ആരംഭിച്ചു. പുറത്തിറങ്ങുന്ന എല്ലാവരും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ബാഗിലും സ്വന്തം വാഹനങ്ങളിലുമായി സാനിറ്റെസര്‍ കരുതുന്നത് പതിവായിരിക്കുകയാണ്.

ഈ ട്രെന്റ് തുടരുന്നതിനിടെ സാനിറ്റൈസറുമയി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കാര്യമുണ്ട്. ഇത് പലരിലും ഭീതിയുണ്ടാക്കിയിരിക്കുകയാണ്. സാനിറ്റൈസര്‍ ബോട്ടില്‍ കാറില്‍ സൂക്ഷിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണിത്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള വാസ്തവം എന്താണ്?

സാനിറ്റൈസര്‍ സൂക്ഷിക്കുന്ന കാറില്‍ തീപിടിത്തം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പ്രധാന വാദം. ഇത്തരത്തില്‍ തീപിടിത്തമുണ്ടായെന്ന് പറയപ്പെടുന്ന വാഹനങ്ങളുടെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതാണ് ആളുകളില്‍ പരിഭ്രാന്തി ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ പലരും കാറുകളില്‍ സാനിറ്റൈസര്‍ കരുതാന്‍ ഭയപ്പെടുകയാണ്.

കഴിഞ്ഞ ദിവസം ദില്ലിയില്‍ ഒരു കാറിന് തീപിടിത്തം ഉണ്ടാവുകയും ഡ്രൈവര്‍ മരണപ്പെടുകയും ഉണ്ടായി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. ചില ആളുകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് സാനിറ്റൈസര്‍ കാറില്‍ കരുതിയതാണ് അപകട കാരണമെന്നാണ്. സാനിറ്റൈസര്‍ ആല്‍ക്കഹോള്‍ കൊണ്ട് നിര്‍മ്മിതമാണെന്നും കടുത്ത ചൂടില്‍ ഇത് തീപിടത്തത്തിന് കാരണമായേക്കുമെന്നാണ് വാദം.

എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്നും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ശുദ്ധമണ്ടത്തരമാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഒരു സാനിറ്റൈസര്‍ ഒരിക്കലും തീപിടിത്തത്തിന് കാരണമാവില്ല. അതേസമയം ഒരു സാനിറ്റൈസര്‍ കുപ്പി നിങ്ങളുടെ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിക്ഷേപിക്കുന്നത് നല്ല പ്രവണതയെല്ലെന്നും ഇവര്‍ വ്യക്തമാക്കി. അതിന്റെ കാരണമിതാണ്.

ഒരു സാനിറൈസര്‍ കുപ്പിക്ക് ബാഹ്യമായ വസ്തുക്കളുടെ സഹായം ഇല്ലാതെ തീപിടിക്കാന്‍ എത്ര ചൂട് ആവശ്യമാണോ അതിനേക്കാള്‍ എത്രയോ കുറവാണ് വേനല്‍കാലത്ത് ഒരു കാര്‍ മണിക്കൂറുകളോളം പുറത്ത് പാര്‍ക്ക് ചെയ്തതിന് ശേഷവും ഉണ്ടാവുന്നത്. ഇന്ത്യാടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാഹ്യവസ്തുവിന്റെ പ്രേരണയില്ലാതെ സാധാരണ നിലയില്‍ തീപിടിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ചൂടിനെയാണ് ഓട്ടോ-ഇഗ്നീഷന്‍ എന്ന് പറയുന്നത്. സാനിറ്റൈസറില്‍ ഉപയോഗിക്കുന്ന ഇതൈല്‍ ആല്‍ക്കഹോളിന്റെ ഓട്ടോ- ഇഗ്നീഷന്‍ താപനിലയെന്നത് 363 ഡിഗ്രി സെല്‍ഷ്യസാണ്. ഈ ചൂടില്‍ സാധാരണ ഗതിയില്‍ ടിന്‍, ഈയം പോലുള്ള ലോഹങ്ങള്‍ പോലും ഉരുകി ദ്രാവക രൂപത്തിലാവും.

മാര്‍ക്കറ്റില്‍ ലഭ്യമായ ഓരോ ആല്‍ക്കഹോളിലും ആല്‍ക്കഹോള്‍ കണ്ടന്റ് പല അളവിലായിരിക്കും. എന്തിരുന്നാലും സാധാരണ ഗതിയില്‍ ഇത് 60-80 ശതമാനം വരെയാണ്. വേനല്‍കാലത്ത് പുറത്ത് പാര്‍ക്ക് ചെയ്യുന്ന ഒരു കാറിന്റെ പുറം ഭാഗം ചൂടായിരിക്കും. എന്നാല്‍ അപ്പോഴും ഇത് ഒരിക്കലും 363 ഡിഗ്രി സെല്‍ഷ്യസില്‍ എത്തില്ല. ആ താപനിലയില്‍ എത്തുമ്പോഴേക്കും കാര്‍ ചാരമായി മാറിയിട്ടുണ്ടാവും. അത്തരത്തില്‍ ഒരു കുപ്പി സാനിറ്റൈസര്‍ കാറില്‍ കരുതിയാല്‍ കടുത്ത ചൂടില്‍ പോലും ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യതയില്ല.

അതിനാല്‍ തന്നെ കാറില്‍ സാനിറ്റൈസര്‍ സൂക്ഷിക്കുമ്പോള്‍ പ്രധാനമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. സാനിറ്റൈസര്‍ എപ്പോഴും അടച്ച് വെക്കുകയും തണുത്തതോ വായു സഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുകയോ വേണം. കാറിന്റെ കീ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ നനവ് പൂര്‍ണ്ണമായും മാറിയ ശേഷം മാത്രം ഉപയോഗിക്കുക.

ഇതിന് പുറമേ സാനിറ്റൈസര്‍ വായുസഞ്ചാരവും തണുപ്പുള്ള സ്ഥലത്തും സൂക്ഷിക്കണമെന്ന് പറയുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. കടുത്ത ചൂടില്‍ ഇത് സൂക്ഷിക്കുമ്പോള്‍ സാനിറ്റൈസറിന്റെ രാസഘടനയെ ബാധിക്കുകയും അണുനശീകരണത്തിനുള്ള കഴിവ് കുറക്കുകയും ചെയ്യുന്നു.

Related Articles

Back to top button