InternationalLatest

ചൈനയില്‍ വീണ്ടും വിവാദ ‘ ഡോഗ് മീറ്റ് ഫെസ്റ്റ് “

“Manju”

ബീജിംഗ് : കൊവിഡ് കേസുകള്‍ ഉയരുകയും ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും വീണ്ടും വിവാദ ‘ ഡോഗ് മീറ്റ് ഫെസ്റ്റ് ” നടത്താനുള്ള ചൈനീസ് നഗരത്തിന്റെ നീക്കത്തിനെതിരെ പ്രാദേശിക, അന്താരാഷ്ട്ര മൃഗ സംരക്ഷണ സംഘടനകള്‍ രംഗത്ത്.
അടുത്താഴ്ചയാണ് തെക്കന്‍ ചൈനയില്‍ വിയറ്റ്നാം അതിര്‍ത്തിയ്ക്ക് സമീപം ഗ്വാംഗ്‌ഷി പ്രവിശ്യയിലെ യൂലിന്‍ നഗരത്തില്‍ ‘ ലിച്ചി ആന്‍ഡ് ഡോഗ് മീറ്റ് ഫെസ്റ്റിവല്‍ ” നടക്കുന്നത്. എല്ലാവര്‍ഷവും ചൈനയില്‍ ഈ ഫെസ്റ്റ് നടത്താറുണ്ട്. പേര് പോലെ തന്നെ നായയുടെ ഇറച്ചിയാണ് ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണം.
കഴിഞ്ഞ വര്‍ഷം ഇറച്ചിയ്ക്കായി ഫെസ്റ്റിനെത്തിച്ച ഏതാനും ജീവനുള്ള നായകളെ ആക്ടിവിസ്റ്റുകള്‍ രക്ഷിച്ചിരുന്നു. എങ്കിലും ഫെസ്റ്റ് നടന്നിരുന്നു. ഇത്തവണ വിവിധ നഗരങ്ങള്‍ ലോക്ക്‌ഡൗണില്‍ തുടരുന്നതിനിടെ ഫെസ്റ്റിന് അനുമതി നല്‍കരുതെന്നാണ് ആവശ്യം.
പൂച്ചകളുടെ ഇറച്ചിയും ലിച്ചി പഴങ്ങളും ഫെസ്റ്റില്‍ ലഭിക്കും. മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ചൈനീസ് ഭരണകൂടം കണ്ണുതുറക്കണമെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. ഇത്തവണ ഫെസ്റ്റിവല്‍ നടന്നാല്‍ വലിയ തോതില്‍ കൊവിഡ് വ്യാപനത്തിന് അത് വഴിതുറക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2010ലാണ് യൂലിന്‍ ഡോഗ് ഫെസ്റ്റ് ആരംഭിച്ചത്. 10 ദിവസമാണ് ഫെസ്റ്റ് നീണ്ടുനില്‍ക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 10,000 നായകളെ വരെ ഫെസ്റ്റിവലിന്റെ ഭാഗമായി കൊന്നിട്ടുണ്ടെന്നാണ് കണക്ക്. 2020ല്‍ ചൈനയിലെ കാര്‍ഷിക, ഗ്രാമകാര്യ മന്ത്രാലയം പുറത്തുവിട്ട കരട് നയത്തില്‍ നായയെ ആഹാരത്തിനായുള്ള വളര്‍ത്തുമൃഗത്തിന് പകരം ‘ പ്രത്യേക സഹയാത്രികരായ മൃഗ”മെന്നാണ് ഉള്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ഈ നയത്തിന് നിയമത്തിന്റെ പൂര്‍ണ പിന്തുണയില്ല. അതേ വര്‍ഷം തന്നെ, ഷെന്‍സന്‍ നഗരത്തില്‍ നടത്തിയ സര്‍വേയില്‍ നായ ഇറച്ചി നിരോധിക്കണമെന്ന ആവശ്യത്തെ 75 ശതമാനം പേര്‍ അനുകൂലിച്ചിരുന്നു. ഹ്യൂമേന്‍ സൊസൈറ്റി ഒഫ് ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച്‌ 30 ദശലക്ഷം നായകളെയാണ് ലോകമെമ്പാടും ഇറച്ചിയ്ക്കായി പ്രതിവര്‍ഷം കൊല്ലുന്നത്.

Related Articles

Back to top button