KannurKeralaLatest

കണ്ണൂർ വിമാനത്താവളം: ഒറ്റപ്പെട്ട സംഭവം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തരുത്- കലക്ടർ ടി വി സുഭാഷ്

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക ചാർട്ടേർഡ് വിമാനത്തിലെത്തുന്ന പ്രവാസികൾക്ക് ചെക്ക് – ഇൻ നടപടികൾ പൂർത്തീകരിക്കുന്നതിലെ കാലതാമസം മൂലം ഏറെനേരം കാത്തുനിൽക്കേണ്ടിവരുന്നുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ് അറിയിച്ചു. ഒരു പ്രത്യേക ദിവസത്തെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണാജനകമായ വാർത്ത പ്രചരിപ്പിക്കുന്നത് സന്നദ്ധ പ്രവർത്തകരുടെയടക്കം ആത്മവീര്യം കെടുത്തുന്ന തരത്തിലാണെന്നും കലക്ടർ അഭിപ്രായപ്പെട്ടു.
ജൂൺ 19ന് എട്ട് വിമാനങ്ങളാണ് കണ്ണൂരിലെത്തിയത്. അന്നേദിവസം കൂടുതൽ വളണ്ടിയർമാരെ ആവശ്യമായി വന്നിരുന്നു. വളണ്ടിയർമാരുടെ പൊലീസ് പരിശോധനകൾ പൂർത്തിയാക്കാൻ ചെറിയ കാലതാമസം നേരിട്ടിരുന്നു. ഈ സമയത്ത് മസ്കറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള സലാം എയർലൈൻസിന്റെ വിമാനത്തിൽ എത്തിയ യാത്രക്കാരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നതെന്നും അതിനു മുൻപോ ശേഷമോ അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും കലക്ടർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സബ്കലക്ടർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്ന സംഘം വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ടെന്നും തെറ്റിദ്ധാരണാജനകമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും കലക്ടർ നിർദേശിച്ചു.

 

Related Articles

Back to top button