LatestThiruvananthapuram

പരിസ്ഥിതി ലോലമേഖല: നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും

“Manju”

തിരുവനന്തപുരം : ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.

കേരള നിയമസഭ വനം പരിസ്ഥിതി സബ്ജക്‌ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാര്‍ഡ് സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആദിവാസി ഊര് മേഖലയിലെ റോഡ് നിര്‍മ്മാണത്തിന് വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. അണമുഖം മുതല്‍ തുടങ്ങുന്ന റോഡിന്റെ പുനര്‍നവീകരണത്തിന് വനംവകുപ്പിന്റെ അനുമതി നല്‍കുവാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. പതിനൊന്നോളം സെറ്റില്‍മെന്റുകളിലായി 1500ലധികം വരുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ സബ്ജക്‌ട് കമ്മിറ്റിയില്‍ നല്‍കിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം.

എം.എല്‍.എമാരായ സി.കെ ഹരീന്ദ്രന്‍, സണ്ണി ജേക്കബ്, അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വല്‍സല രാജു, വൈസ് പ്രസിഡന്‍ഡ് തോമസ് മംഗലശ്ശേരി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജയപ്രസാദ്, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ത്യാഗരാജന്‍, സബ്ജക്‌ട് കമ്മിറ്റി അംഗങ്ങള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button