InternationalLatestScience

സൗരയൂഥത്തിന് പുറത്ത് 5,000ത്തിലധികം ലോകങ്ങള്‍; സ്ഥിരീകരിച്ച്‌ നാസ

“Manju”

മനുഷ്യന്‍ ആകാശത്തേക്ക് നോക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ മനസിനുള്ളില്‍ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങള്‍ ആവിര്‍ഭവിച്ചിരുന്നു. നമ്മുടെ ഭാവനയ്ക്കനുസരിച്ച് നാം പലലോകങ്ങളും സങ്കല്പിച്ചുകൂട്ടി. പലപ്പോഴും നാം ചോദിച്ചിരുന്നു. ആകാശത്തിനപ്പുറം വേറെ ലോകമുണ്ടോ..? നമ്മേപ്പോലെ വേറെ ആളുകളുണ്ടോ..?
ഈ പ്രപഞ്ചത്തില്‍ നാം മാത്രമാണോ ഉള്ളത്.?. വര്‍ഷങ്ങള്‍ക്കിപ്പുറം ജിജ്ഞാസ നിറഞ്ഞ ആ ചോദ്യത്തിന് ഉത്തരവും കിട്ടി. സൗരയൂഥമുണ്ടെന്നും സൂര്യന് ചുറ്റും നിരവധി ഗ്രഹങ്ങള്‍ വലയം വെക്കുന്നുണ്ടെന്നും നാം തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഒരുപടി കൂടി കടന്ന് പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് നാസ..
സൗരയൂഥത്തിന് പുറത്തായി, ബഹിരാകാശത്ത് 65 ഗ്രഹങ്ങളുണ്ടെന്നും ഇവിടെയെല്ലാമായി 5,000ത്തിലധികം പുതിയ ലോകങ്ങളുണ്ടെന്നുമാണ് നാസയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. ബഹിരാകാശ പര്യവേക്ഷണത്തില്‍ പുതിയ നാഴികക്കല്ലാകുന്ന കണ്ടെത്തലാണ് ഇതോടെ നാസ രേഖപ്പെടുത്തിയിരിക്കുന്നത്.
65 ഗ്രഹങ്ങളെക്കുറിച്ചും വിശദമായി പഠനം നടത്താന്‍ 65 പുതിയ ഉദ്യോഗാര്‍ത്ഥികളെ നിയോഗിച്ചിരിക്കുകയാണ് നാസ. ഈ ഗ്രഹങ്ങളുടെ ഉപരിതലത്തില്‍ ജലം, സൂക്ഷ്മാണുക്കള്‍, വാതകങ്ങള്‍, ജീവന്റെ സാന്നിധ്യം എന്നിവയുണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ഘടനയുടെയും സ്വഭാവത്തിന്റെയും കാര്യത്തില്‍ വ്യത്യസ്തതയാര്‍ന്നതാണ് നാസ കണ്ടെത്തിയ 5000ത്തിലധികം ലോകങ്ങളെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഭൂമി പോലെയുള്ളവ, ചെറിയ പാറകള്‍ നിറഞ്ഞവ, വ്യാഴത്തേക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ളവ, മിനി-നെപ്ട്യൂണുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഒരേസമയം രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെയും, സജീവമല്ലാത്ത നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെയും കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കിടെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തല്‍ തീര്‍ത്തും ശ്രമകരവും പ്രയാസകരവുമായ പ്രക്രിയയാണ്. ഇതിന് ഭൂമിയില്‍ നിന്നും ബഹിരാകാശത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള ദൂരദര്‍ശിനികളിലൂടെ നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. ഇതിന് വര്‍ഷങ്ങളോളം സമയമെടുത്തേക്കാം.. ഭൂമിയെ പോലെ മറ്റൊരു ഗ്രഹവും ഇവിടുത്തെ മനുഷ്യരെ പോലെ മറ്റാളുകളും ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ നിലനില്‍ക്കുന്നുണ്ടോയെന്നാണ് ഇനിയും ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം.

Related Articles

Back to top button