ErnakulamIndiaKeralaLatestThiruvananthapuram

അന്താരാഷ്ട്ര യോഗ ദിനത്തിൽ അഖിലേന്ത്യാ സൈക്കിൾ പര്യടനവുമായി ഒരു പെൺകുട്ടി

“Manju”

കൊച്ചി: ലോകമെമ്പാടും അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്ന ജൂൺ 21ന് , യോഗയുടെ പ്രാധാന്യം ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെ, സൈക്കിളിൽ ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് സഞ്ചരിക്കുവാനൊരുങ്ങി ഒരു പെൺകുട്ടി.

പതിനേഴ് വയസുള്ളപ്പോൾ ഒറ്റയ്ക്ക് യാത്രപോകാൻ പറഞ്ഞ അച്ഛന്റെ മകൾ ഇപ്പോൾ സൈക്കിളിൽ യാത്രിതിരിക്കുന്നത് മൂവായിരത്തി അറുന്നൂറോളം കിലാേമീറ്റർ അപ്പുറമുള്ള ലഡാക്കിലേക്കാണ്. 

വെറുമൊരു സാഹസികയാത്രയല്ലിത്, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുവാൻ ദൈനംദിന ജീവിതത്തിൽ യോഗയുടെ ആവശ്യകത എന്താണെന്നു മനസിലാക്കിക്കുവാനും, അതിനു ഉതകുന്ന പരിശീലനം യാത്രയിലുടനീളം നൽകുവാനും ഉദ്ദേശിച്ചുകൊണ്ട്, കൊച്ചിയിൽ നിന്നും ലഡാക്ക് വരെ ഇരുപതിനായിരം ഗ്രാമങ്ങളിൽ കൂടെ നീളുന്ന യാത്രയാണ് തിരുവനന്തപുരം സ്വദേശിനി അഗ്രിമ നായർ ലക്ഷ്യമിടുന്നത്.

“Spinning my wheels for unveiling Yoga” എന്ന മുദ്രാവാക്യവുമായി തന്റെ ജീവിതത്തിലെ ഐതിഹാസിക യാത്ര, ജൂൺ 21 ന് കൊച്ചി വടുതലയിലെ ചിന്മയ വിദ്യാലയം സ്കൂളിൽ നിന്നാണ് അഗ്രിമ ആരംഭിക്കുന്നത് .

ഇന്ത്യൻ യോഗ അസോസിയേഷനുമായി ചർച്ച ചെയ്ത് കൊങ്കൺ വഴി റൂട്ട് ഉറപ്പിച്ചു. നിശ്ചിത സ്ഥലങ്ങളിൽ യോഗ ക്ളാസുകൾ നടത്തുകുയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യും.

വളർന്നു വരുന്ന നവതലമുറയ്ക്ക് യോഗയെ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായി ചിന്മയ വിദ്യാലയത്തിലെ കുട്ടികൾക്കായി യോഗ ബോധവത്കരണ ക്ലാസ്സ് എടുത്തു. ‘ചക്രിക’ എന്ന തന്റെ സൈക്കിളിൽ ആരംഭിക്കുന്ന ഈ യാത്രയുടെ പതാക കേന്ദ്ര വ്യേമയാന,  ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ. സിംഗ് ആണ് കൈമാറിയത്.

 

ചിന്മയ വിദ്യാലയം കുട്ടികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ പ്രിൻസിപ്പാൽ ശ്രീമതി പ്രതിഭ വി. ഫ്ലാഗ് ഓഫ് ചെയ്തു. പ്രസ്തുത ചടങ്ങിൽ ശ്രീ. രാജഗോപാലകൃഷ്ണൻ, സ്റ്റേറ്റ് സെക്രട്ടറി, ഇന്ത്യൻ യോഗ അസോസിയേഷൻ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.

യോഗയുടെ പ്രാധാന്യം ഉദ്‌ഘോഷിച്ചുകൊണ്ടു ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുള്ള അഗ്രിമ, ഇതു ആദ്യമായാണ് സൈക്കിളിൽ അഖിലേന്ത്യാ ഏകാന്ത പര്യടനം നടത്തുന്നത്. ജനസമ്പർക്കത്തിലൂടെയും, യോഗ ക്ലാസ്സുകളിൽ കൂടെയും കുറഞ്ഞത് ഒരു കോടി ജനങ്ങളുടെ ആരോഗ്യത്തിനു പ്രയോജനം എത്തിക്കുവാൻ ഉദ്ദേശിക്കുന്ന ഈ യോഗായജ്ഞത്തിനു പൂർണ പിന്തുണയാണ് സൈനിക ഉദ്യോഗസ്ഥരായ അച്ഛനും, അമ്മയും, പിന്നെ സഹോദരനും നൽകിയിരിക്കുന്നത്.

നാഗ്പൂരിൽ മിലിട്ടറി നഴ്സായ തിരുവനന്തപുരം പൗഡിക്കോണം സ്വദേശി പിതാവ് പി.ആർ.നായരായിരുന്നു തൻ്റെ യാത്രകൾക്ക് പ്രചോദനം എന്ന് അഗ്രിമ ഓർമ്മിക്കുന്നു. 17 വയസായപ്പോൾ ഒറ്റയ്ക്ക് യാത്ര പോകാൻ പറഞ്ഞയച്ചത് അച്ഛനാണ്. പൂനെയിൽ നിന്ന് ബംഗളൂരുവിലേക്കായിരുന്നു ആദ്യ യാത്ര. ബസിലും ട്രെയിനിലും നടന്നും ഇതുവരെ നടത്തിയത് നൂറോളം യാത്രകൾ. സി.ആ‌ർ.പി.എഫ് ഹെഡ് കോൺസ്റ്റബിളായിരുന്ന മാതാവ് രമ നായരും ഈ യാത്രകൾക്ക് വലിയ പിന്തുണ നൽകി.

“ചക്രിക”

ബംഗളൂരുവിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴുണ്ടായ അസുഖങ്ങളെ തുടർന്നാണ് യോഗ പരിശീലിച്ചത്. ശാരീരിക പ്രശ്നങ്ങൾ പൂർണമായും മാറിയതോടെ യോഗയായി എല്ലാം. യോഗതന്നെ തൻ്റെ പഠന വിഷയവുമാക്കി.

രണ്ടാഴ്ച മുമ്പ് ലഡാക്കിലേക്ക് സൈക്കിളിൽ പോയാലോയെന്ന ചിന്ത വന്നപ്പോൾ സഹോദരൻ പ്രവീൺ കുമാറിനെ വിളിച്ചു.  പ്രവീൺ പുതിയ അമേരി​ക്കൻ കോന സൈക്കിളും അനുബന്ധ സാമഗ്രികളും തയ്യാറാക്കി. കുടുംബാംഗങ്ങളുടെയും മറ്റ് സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങളോടെ മുന്നേറുന്ന ഈ യജ്ഞത്തിന്, ഇന്ത്യൻ യോഗ അസോസിയേഷനും, വസിഷ്ഠ യോഗ സ്ഥാപനവും പിന്തുണ അറിയിച്ചിട്ടുണ്ട്.

സൈക്കിളിനും മറ്റ് മുന്നൊരുക്കങ്ങൾക്കുമായി ഇതുവരെ 1ലക്ഷം രൂപയോളം ചെലവായി. 45,000 രൂപയായി സൈക്കിളിന്. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചു.

രാത്രി യാത്രയില്ല. ഹോട്ടലുകളിലും ഹോം സ്റ്റേകളിലും താമസ സൌകര്യം കണ്ടെത്തും. മൂന്ന് ജോഡി വസ്ത്രവും സൈക്കിൾ പമ്പും അത്യാവശ്യ ടൂൾസും മാത്രമേ യാത്രയിൽ കരുതൂ. വലിയ സുഹൃദ് വലയവും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്ക്, മാർവാടി ഭാഷകൾ അറിയാവുന്നതും അഗ്രിമയുടെ ഈ യാത്രയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

`ആദ്യമായാണ് സൈക്കിൾ യാത്ര. ഭയം ലേശമി​ല്ല. കുടുംബത്തിൻ്റെയും സൃഹൃത്തുക്കളുടെയും പിന്തുണ വലിയ ശക്തിയാണ്”- അഗ്രിമ നായർ

ന്യൂറോ സയൻസിൽ പ.എച്ച്.ഡി ചെയ്തിരുന്ന അഗ്രിമ നായർ ബയോടെക്നോളജി ബിരുദമെടുത്ത ശേഷം മാർക്കറ്റിംഗ് മാനേജ്മെന്റിൽ എം.ബി.എ, യോഗ തെറാപ്പിയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയതിനു ശേഷമാണു യോഗയെകുറിച്ചും, യോഗതെറാപ്പിയുടെ വിവിധ ഗുണങ്ങളെ കുറിച്ചുള്ള പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചത്.

Related Articles

Back to top button