Latest

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പി എസ് സി

“Manju”

തിരുവനന്തപുരം: അധിക കാലാവധി സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി നടപ്പാക്കുകയാണെങ്കില്‍ 101 ഒഴിവിലേക്ക് പഴയ റാങ്ക് പട്ടികയില്‍ നിന്ന് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കേണ്ടിവരും. കോടതിയെ സമീപിച്ച ആറ് റാങ്ക്പട്ടികകള്‍ക്കാണ് അധിക കാലാവധി അനുവദിച്ച്‌ കഴിഞ്ഞദിവസം ഉത്തരവുണ്ടായത്. എന്നാല്‍, ഇതിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പി.എസ്.സി. തീരുമാനം.

വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (14 ജില്ലകള്‍), വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, സ്റ്റാഫ് നഴ്സ് (പാലക്കാട്), എച്ച്‌.എസ്.എ. നാച്വറല്‍ സയന്‍സ് (വയനാട്, മലപ്പുറം), എച്ച്‌.എസ്.എ. അറബിക് (കാസര്‍കോട്), സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (തൃശ്ശൂര്‍) എന്നിവയ്ക്ക് മൂന്നുമാസം അധിക കാലാവധി ഉറപ്പാക്കാനായിരുന്നു കോടതി ഉത്തരവ്.

ഇവയില്‍ എച്ച്‌.എസ്.എ. നാച്വറല്‍ സയന്‍സ്, എച്ച്‌.എസ്.എ. അറബിക്, അസിസ്റ്റന്റ് സെയില്‍സ്മാന്‍ എന്നിവയ്ക്കു നിര്‍ദേശിക്കപ്പെട്ട അധിക കാലാവധിയില്‍ ഒരൊഴിവുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ കോടതിവിധി അംഗീകരിച്ചാലും ഈ റാങ്ക് പട്ടികകളില്‍നിന്ന് ആര്‍ക്കും നിയമനം കിട്ടില്ല.

ലാസ്റ്റ് ഗ്രേഡ് സര്‍വെന്റിന് 14 ജില്ലകളിലായി 96 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനിതാ പോലീസ് കോണ്‍സ്റ്റബിളിന് എന്‍.ജെ.ഡി.യായി രണ്ടൊഴിവ് റിപ്പോര്‍ട്ടുചെയ്തു. പാലക്കാട്ട് സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് മൂന്നൊഴിവും ഇക്കാലയളവില്‍ പി.എസ്.സി.യെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ പി.എസ്.സി. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഈ ഒഴിവുകളിലേക്ക് തത്കാലം നിയമനശുപാര്‍ശ നല്‍കാതെ മാറ്റിവെക്കാനാണു സാധ്യത.

Related Articles

Back to top button