Latest

30,000 വർഷം പഴക്കമുള്ള ‘മമ്മി’ മാമ്മത്ത്

“Manju”

ഒറ്റാവ: കാനഡയിൽ മാമ്മത്ത് കുഞ്ഞിന്റെ ജഡം തണുത്തുറഞ്ഞ നിലയിൽ കണ്ടെത്തി. വടക്ക്-പടിഞ്ഞാറൻ കാനഡയിലാണ് സംഭവം. ആദ്യമായാണ് വടക്കേ അമേരിക്കയിൽ മാമ്മത്തിന്റെ ‘മമ്മിയെ’ കണ്ടെത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

30,000 വർഷത്തിലേറെ പഴക്കം ഈ മമ്മിക്കുണ്ടാകുമെന്നാണ് കരുതുന്നത്. യൂക്കോണിലെ ക്ലോണ്ടൈക്ക് മേഖലയിൽ പ്രവർത്തിക്കുന്ന ഖനിത്തൊഴിലാളികളാണ് മമ്മിയെ കണ്ടെത്തിയത്. പ്രദേശത്തെ പെർമാഫ്രോസ്റ്റിലായിരുന്നു ജഡമുണ്ടായിരുന്നത്. ഭൂമിയുടെ ഉപരിതലത്തിന് താഴെ തണുത്തുറഞ്ഞതായി കാണപ്പെടുന്ന മേഖലയെയാണ് പെർമാഫ്രോസ്റ്റ് എന്ന് വിളിക്കുന്നത്. സ്ഥിരമായി തണുത്തിരിക്കുന്ന ഭൂമിയ്‌ക്കടിയിലെ പാളിയാണിത്.

2007-ൽ സൈബീരിയയിൽ നിന്നും സമാനരീതിയിൽ മാമ്മത്ത് കുഞ്ഞിന്റെ ജഡം റഷ്യ കണ്ടെത്തിയിരുന്നു. മമ്മി രൂപത്തിൽ ജഡം അഴുകാതെ ലഭിച്ച ആദ്യത്തെ സംഭവമായിരുന്നു അത്. ഇപ്പോൾ വടക്കേ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ‘മമ്മി മാമ്മത്തി’നെ ലഭിക്കുന്നതെന്നും ലോകത്തിലിത് രണ്ടാമത്തെ തവണയാണെന്നും യൂക്കോൺ സർക്കാർ വ്യക്തമാക്കി.

നൻ-ചോ-ഗാ എന്നാണ് മാമ്മത്ത് കുഞ്ഞിന്റെ മമ്മിക്ക് യൂക്കോൺ സർക്കാർ പേരിട്ടിരിക്കുന്നത്. ബിഗ് ബേബി അനിമൽ എന്നാണ് ഇംഗ്ലീഷിൽ ഇതിന്റെ പരിഭാഷ. ഇത് പെൺ മാമ്മത്ത് ആണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

സൈബീരിയയിൽ കണ്ടെത്തിയ കുഞ്ഞ് മാമ്മത്തിന് 42,000 വർഷം പഴക്കമുണ്ടായിരുന്നു. ല്യൂബ എന്നാണ് ഇതിന് പേരിട്ടിരുന്നത്. ല്യൂബയുടെ അതേ വലിപ്പമാണ് നൻ-ചോ-ഗായ്‌ക്കും ഉള്ളതെന്ന് യൂക്കോൺ സർക്കാർ വ്യക്തമാക്കി.

Related Articles

Back to top button