LatestThiruvananthapuram

കെപിസിസിയില്‍ 73 പുതുമുഖങ്ങള്‍

“Manju”

തിരുവനന്തപുരം ∙ കെപിസിസിയുടെ നിയുക്ത ജനറല്‍ ബോഡിയി‍ല്‍ 73 പുതുമുഖങ്ങള്‍ വരും. നേരത്തേ 45 പേരെയാണ് പുതുതായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍, 50 വയസ്സില്‍ താഴെയുള്ളവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് എഐസിസിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരടു പട്ടിക പുതുക്കുന്നത്. ഇതോടെ 280 അംഗ പട്ടികയില്‍ 50 വയസ്സില്‍ താഴെയുള്ള 104 പേരെങ്കിലും ഇടം പിടിക്കും.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇതു സംബന്ധിച്ച്‌ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെപിസിസി ആസ്ഥാനത്ത് ചര്‍ച്ച നടത്തി. രാവിലെയും വൈകിട്ടുമായി നടന്ന കൂടിക്കാഴ്ചയില്‍ പുതിയ പട്ടികയ്ക്ക് ഏകദേശ രൂപം ആയി. ഇത് അന്തിമമാക്കിയ ശേഷം സുധാകരന്‍ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം തേടാന്‍ ഡല്‍ഹിക്കു തിരിക്കും. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജ് ആണ് 280 അംഗ കെപിസിസി ജനറല്‍ ബോഡി.

എം.എം.ഹസന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്ന സമയത്തെ പട്ടികയില്‍ മരിച്ചു പോയവരെയും പാര്‍ട്ടി വിട്ടവരെയും മാത്രം ഒഴിവാക്കി പകരം പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുകയാണ് നേരത്തെ ചെയ്തത്. എന്നാല്‍, ഈ പട്ടികയ്ക്കെതിരെ ഒരു വിഭാഗം പരാതിയുമായി രംഗത്തെത്തി. ഗ്രൂപ്പ് വീതംവയ്പ് പ്രതിഫലിക്കുന്ന പട്ടിക ആണെന്നും 50% പദവികള്‍ ചെറുപ്പക്കാര്‍ക്ക് മാറ്റിവയ്ക്കണം എന്ന ചിന്തന്‍ ശിബിര തീരുമാനം ലംഘിച്ചെന്നും ആയിരുന്നു ആക്ഷേപം. പ്രവര്‍ത്തനരംഗത്ത് ഒട്ടും സജീവമല്ലാത്തവരെ കൂടി ഒഴിവാക്കി പുതുമുഖങ്ങളെ ഉള്‍പ്പെടുത്താമെന്ന ധാരണയാണ് ഇന്നലെ രൂപപ്പെട്ടത്. എന്നാല്‍, സജീവമായി രംഗത്ത് ഇല്ലാത്ത മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയുമായി കണ്ണി ചേര്‍ക്കുന്നത് കെപിസിസി ജനറല്‍ബോഡി അംഗത്വം ആണ് എന്നതിനാല്‍ അവരെ നീക്കുന്നത് നേതൃത്വത്തിന് എളുപ്പമുള്ള തീരുമാനം ആയിരുന്നില്ല. അതിന്റെ ഗുണദോഷങ്ങള്‍ വിശദമായി പരിശോധിച്ചാണ് അങ്ങനെയുള്ള 27 പേരെ മാറ്റുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണനും കെ.ജയന്തും ചര്‍ച്ചയില്‍ നേതൃത്വത്തെ സഹായിച്ചു.

Related Articles

Back to top button