Kerala

ജയിൽ ചാടാൻ ശ്രമിച്ച പ്രതി മരത്തിൽ കുടുങ്ങി

“Manju”

തിരുവനന്തപുരം: ജയിൽ ചാടാൻ ശ്രമിച്ച പ്രതി മരത്തിൽ കുടുങ്ങി. പൂജപ്പുര സെൻട്രൽ ജയിലിൽ ആണ് സംഭവം. പ്രതിയെ താഴെയിറക്കാൻ പോലീസും ജയിൽ അധികൃതരും ശ്രമം തുടരുകയാണ്.

വൈകീട്ടോടെയായിരുന്നു സംഭവം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുഭാഷ് എന്ന പ്രതിയാണ് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. എന്നാൽ ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് സുഭാഷ് മഹിളാ മന്ദിരത്തിന് സമീപത്തെ മരത്തിലേക്ക് ഓടിക്കയറിയത്.

താഴെ ഇറങ്ങാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ഇതോടെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് മരത്തിന് മുകളിൽ ഉള്ളത്. ഉദ്യോഗസ്ഥരെ കണ്ട് ഇയാൾ കൂടുതൽ ഉയരത്തിലേക്ക് പോകുന്നുണ്ടെന്നാണ് വിവരം. ഇതേ തുടർന്ന് ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാനാണ് ശ്രമം. താഴെ വലയുൾപ്പെടെ വിരിച്ചിട്ടുണ്ട്.

ഏഴ് മാസം മുൻപാണ് ഇയാൾ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് വിവരം.

Related Articles

Back to top button