IndiaLatest

രാഹുല്‍ ഗാന്ധിയുടെ ഭാരതയാത്ര നേരത്തെയാകും

“Manju”

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ ഒക്‌ടോബര്‍ രണ്ടിന് തുടങ്ങാനിരിക്കുന്ന ഐക്യഭാരത യാത്രനേരത്തേയാക്കും. ഓഗസ്‌റ്റ്‌ അവസാനമോ സെപ്‌റ്റംബര്‍ ആദ്യമോ നടത്താനാണ് ആലോചന. മോദി സര്‍ക്കാരും ബിജെപിയും ജനാധിപത്യത്തിനും ഭരണഘടനക്കും നേരെ നടത്തുന്ന തുടര്‍ച്ചയായ അക്രമങ്ങള്‍ പരിധിവിട്ട പശ്‌ചാത്തലത്തിലാണ് ഇതെന്ന് ഭാരതയാത്രാ സമിതി ചെയര്‍മാന്‍ ദിഗ്വിജയ് സിങ് പറഞ്ഞു.

യാത്രക്ക് മുന്നോടിയായി രാജ്യത്തെ എല്ലാ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തില്‍ ക്വിറ്റിന്ത്യാ ദിനമായ ഓഗസ്‌റ്റ്‌ 9 മുതല്‍ 15 വരെ 75 കിലോമീറ്റര്‍ പദയാത്ര നടക്കും. ഇതിന് തുടര്‍ച്ചയായി 3571 കിലോമീറ്റര്‍ വരുന്ന ഭാരതയാത്ര നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്. കേരളത്തില്‍ 19 ദിവസം കൊണ്ട് 456 കിലോമീറ്റര്‍ സഞ്ചരിക്കാനാണ് ഉദ്ദേശിക്കുന്നത്.

രാജസ്‌ഥാനിലെ ഉദയ്‌പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ഭാരതയാത്ര നടത്താന്‍ തീരുമാനിച്ചത്. സ്വാതന്ത്ര്യ സമരം നടത്തിയ പാര്‍ട്ടി എന്ന നിലയില്‍ നിലവില്‍ രാജ്യത്തെ വിഭജിക്കുന്ന പ്രത്യയ ശാസ്‌ത്രങ്ങളോട് പോരാടാനാണ് യാത്രയെന്ന് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചു.

അഞ്ച് മാസത്തോളം നീളുന്ന യാത്ര 2023 എങ്കിലും ആകാതെ പൂര്‍ത്തിയാകില്ലെന്നും അതിനിടെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളും തണുപ്പുകാലവുമടക്കം വരും എന്നുള്ളതാണ് നേരത്തേയാക്കാനുള്ള മറ്റൊരു കാരണം. വ്യാഴാഴ്‌ച എഐസിസി ആസ്‌ഥാനത്ത് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ദിഗ്വിജയ് സിങ് യാത്രയുടെ രൂപരേഖ വിശദീകരിച്ചു.

148 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര 12 സംസ്‌ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 68 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും 203 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. 500 സ്‌ഥിരം പദയാത്രികരുണ്ടാകും. കന്യാകുമാരിയില്‍ നിന്ന് യാത്ര തുടങ്ങിയാല്‍ ആദ്യ രണ്ടുദിവസത്തെ യാത്രക്ക് ശേഷം കേരളത്തില്‍ പ്രവേശിക്കും. സംസ്‌ഥാനത്ത് 14 പാര്‍ലമെന്റ് മണ്ഡലങ്ങളിലും 42 നിയമസഭാ മണ്ഡലങ്ങളിലും പ്രവേശിക്കും. ഇതിനിടെ തൃശൂരും നിലമ്പൂരും ബഹുജന റാലികളും നടക്കും. ഗുണ്ടല്‍പേട്ട് വഴി വീണ്ടും തമിഴ്‌നാട്ടിലേക്ക് കടക്കും. തുടര്‍ന്ന് മൈസൂരു ബെല്ലാരി വഴി കര്‍ണാടക യാത്രക്ക് തുടക്കമാകും. നിലവില്‍ നിശ്‌ചയിച്ചിട്ടുള്ള സ്‌ഥലങ്ങളില്‍ അതാത് ഡിസിസികളുടെ താല്‍പര്യപ്രകാരം മാറ്റം വരുത്താനാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button