InternationalLatest

മഴവില്ലഴകില്‍ പ്ലൂട്ടോ

“Manju”

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സമൂഹമാദ്ധ്യമങ്ങളില്‍ പലപ്പോഴും അതിശയകരമായ ചിത്രങ്ങള്‍ പങ്കു വയ്‌ക്കാറുണ്ട്. അടുത്തിടെ നാസയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ അവര്‍ പങ്കുവച്ച ചിത്രമാണ് ഏവരേയും അമ്പരപ്പിക്കുന്നത്. മഴവില്ല് പോലെ വ്യത്യസ്തമായ നിറങ്ങളിലുള്ള ഗ്രഹത്തിന്റെ ചിത്രമാണിത്. വൃത്താകൃതിയില്‍ കാണപ്പെടുന്ന ഈ ഗ്രഹം പ്ലൂട്ടോയാണ്. ഇതിലുടനീളമായി ചിന്നിച്ചിതറി കിടക്കുന്ന പല നിറങ്ങളാണ് കൗതുകം വര്‍ധിപ്പിക്കുന്നത്. ഈ മഴവില്ല് എവിടെയാണ് അവസാനിക്കുന്നതെന്ന കുറിപ്പോടെയാണ് നാസ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ഗ്രഹത്തിലെ വ്യത്യസ്ത പ്രദേശങ്ങള്‍ തമ്മിലുള്ള വര്‍ണ്ണ വ്യത്യാസമാണ് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്.

പ്ലൂട്ടോയുടെ ഉപരിതലങ്ങള്‍ വ്യത്യസ്തമാണ്. യൂറോപ്പിലേത് പോലെയുള്ള പര്‍വ്വതനിരകള്‍, താഴ്‌വരകള്‍, പഴയതും പുതിയതുമായ മഞ്ഞു മൂടിയ സമതലങ്ങള്‍, മണ്‍കൂനകള്‍, വ്യത്യസ്തമായ ഭൂപ്രദേശങ്ങള്‍ എന്നിവ പ്ലൂട്ടോയിലുണ്ട്. 2006 ജനുവരി 19ന് വിക്ഷേപിച്ച ന്യൂ ഹൊറൈസണ്‍സ് എന്ന ബഹിരാകാശപേടകമാണ് ഈ ചിത്രം പകര്‍ത്തിയത്. ചിത്രം പുറത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. അതേസമയം 2019ല്‍ ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹമെന്ന വിഭാഗത്തിലേക്ക് തരംതാഴ്‌ത്തി. പൂര്‍ണ്ണ ഗ്രഹത്തിന്റെ വിഭാഗത്തില്‍ പെടാനുള്ള എല്ലാ പ്രത്യേകതകളും പ്ലൂട്ടോയ്‌ക്കില്ലെന്ന് കാണിച്ചായിരുന്നു നീക്കം.

Related Articles

Back to top button