കൊച്ചി: ആറ് മാസം പ്രായമുള്ള കുഞ്ഞ് കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി.ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശികളായ എ പി മുഹമ്മദ് ഫതാഹുദ്ദീന്റെയും കെ സി സറീനയുടെയും മകള്‍ ഫാത്തിമ ഫില്‍സയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയാണ് കൊച്ചി വിപിഎസ് ലേക്ക് ഷോര്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായത്.
ജന്മനാ ഉണ്ടായിരുന്ന കരള്‍ രോഗം ഫാത്തിമയുടെ ജീവന് കവരുന്ന സ്ഥിതിയിലായിരുന്നു.കരള്‍ മാറ്റി വയ്ക്കല്‍ മാത്രമായിരുന്നു ജീവന് രക്ഷിക്കാനുള്ള ഏക പോംവഴി. കോവിഡും യാത്രാവിലക്കുകളും ദ്വീപ് നിവാസികളെ ദുരിതത്തില്‍ ആക്കിയതോടെ ഫാത്തിമയുടെ ജീവനും തുലാസിലായി. എന്നാല്‍ തടസങ്ങളെല്ലാം മറികടന്ന് ആ മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുമകളെ തിരിച്ച് പിടിച്ചിരിക്കുന്നു. അമ്മ സറീന തന്നെയാണ് മകള്‍ക്ക് കരള്‍ പകുത്ത് നല്‍കിയത്. സംസ്ഥാനത്ത് കരള്‍ മാറ്റി വയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുങ്ങളിലൊരാളാണ് ഫാത്തിമ.