India

രാഷ്‌ട്രപതിക്ക് വ്യത്യസ്ത ആശംസാ സന്ദേശം അയച്ച് ഷി ജിൻപിങ്ങ്

“Manju”

ബെയ്ജിംഗ്: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്ത വേളയിൽ ലോകനേതാക്കളെല്ലാം ആശംസയറിയിച്ച് രംഗത്തെത്തിയിരുന്നു. അത് ലോകരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര മര്യാദയാണ്. ലോകമെമ്പാടുമുള്ള പ്രധാന രാഷ്‌ട്രീയക്കാരിൽ നിന്ന് ആശംസാ സന്ദേശങ്ങൾ ലഭിക്കുന്നത് ഈ അവസരത്തിൽ സ്വാഭാവികവുമാണ്. എന്നാൽ അവയിൽ സവിശേഷമായത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദേശമാണ്.

പരസ്‌പര രാഷ്‌ട്രീയ വിശ്വാസം വർധിപ്പിക്കുന്നതിനും പരസ്പര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ തയ്യാറാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കണം. അതിനൊപ്പം ഉഭയകക്ഷി ബന്ധങ്ങൾ ശരിയായ പാതയിൽ കൊണ്ടുപോകണമെന്നും പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് എഴുതിയ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ചൈനയും ഇന്ത്യയും പ്രധാനപ്പെട്ട അയൽക്കാരാണ്. അത്തരമൊരു സാഹചര്യത്തിൽ, ഉഭയകക്ഷി താൽപ്പര്യങ്ങൾക്ക് അവർക്കിടയിൽ സുസ്ഥിരമായ ബന്ധം ആവശ്യമാണെന്നും ഷി ജിൻപിംഗ് കത്തിൽ വ്യക്തമാക്കുന്നു.

ഇന്ത്യ-ചൈന ബന്ധത്തിന് ചൈന പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. പരസ്പര രാഷ്‌ട്രീയ വിശ്വാസം വർധിപ്പിക്കാനും പ്രായോഗിക സഹകരണം വർദ്ധിപ്പിക്കാനും അഭിപ്രായവ്യത്യാസങ്ങൾ ശരിയായി പരിഹരിക്കാനും ഇന്ത്യൻ പ്രസിഡണ്ടുമായുളള ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ചൈന ശ്രമിക്കുമെന്നും കത്തിൽ ഊന്നിപ്പറയുന്നു.

യഥാർത്ഥ നിയന്ത്രണരേഖയിലെ അതിർത്തിയിൽ ഇന്ത്യാ ചൈന സംഘർഷത്തിന് പൂർണ്ണമായും അയവുവന്നിട്ടില്ല. അത്തരമൊരു അവസരത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകി പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്ത്യൻ പ്രസിഡണ്ടിന് കത്ത് എഴുതി എന്നതിന് ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്. അതേ സമയം ചൈനീസ് പ്രസിഡന്റിന്റെ ഈ കത്തിനും അഭിനന്ദന സന്ദേശത്തിനും ഇന്ത്യയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

സ്വത്വത്തിനും വംശീയ അവകാശങ്ങൾക്കും വേണ്ടി പല ലോക രാജ്യങ്ങളിലും അസ്ഥിരത നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ പിന്നോക്ക വിഭാഗത്തിൽപെട്ട ഒരു വനിതയെ ഇന്ത്യയുടെ രാഷ്‌ട്രീയ പരമോന്നത പദവിയിലേക്ക് നിയമിച്ചു എന്നത് അതിന്റെ ശക്തമായ ജനാധിപത്യ പാരമ്പര്യത്തെയാണ് പ്രകടിപ്പിക്കുന്നത്. ലോകത്തിന് ഒരു വലിയ സന്ദേശമാണ് ഇന്ത്യ ഇതിലൂടെ നൽകുന്നത്.

Related Articles

Back to top button