LatestThrissur

പോസ്റ്റ് ഓഫീസ് ആര്‍.ഡി: പാസ്ബുക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകും

“Manju”

തൃശൂര്‍: സ്ഥിരം നിക്ഷേപവും അല്ലാതെയുമുള്ള നിരവധി സമ്പാദ്യ പദ്ധതികളില്‍ നമ്മള്‍ പണം നിക്ഷേപിക്കാറുണ്ട്.
എന്നാല്‍ പണം നിക്ഷേപിക്കുമ്പോഴും ശ്രദ്ധ ഇല്ലെങ്കില്‍ സേവിങ്‌സ് അക്കൗണ്ട് കാലിയാകുന്ന വഴിയറിയില്ല. പോസ്റ്റ് ഓഫീസ് ആര്‍.ഡിയുടെ പേരില്‍ ഏജന്റുമാര്‍ പണം പിരിച്ച ശേഷം അടയ്ക്കാതെ നിക്ഷേപകര്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിയ സാഹചര്യത്തിലാണ് ആര്‍ഡി നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കണമെന്ന നിര്‍ദ്ദേശം വന്നത്.
പോസ്റ്റ് ഓഫീസ് ആര്‍.ഡി സുരക്ഷിതമായ ലഘുസമ്പാദ്യ പദ്ധതിയാണ്. അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ക്ക് നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താവുന്നതാണ്. ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്ബോള്‍ തുക നല്‍കിയ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങണമെന്നും പാസ്ബുക്ക് പതിക്കണമെന്നും വ്യക്തമായ നിര്‍ദ്ദേശമുണ്ട്. ഇത് പാലിക്കാതെ മുന്നോട്ട് പോകുന്ന ആളുകള്‍ ചതിക്കുഴികളില്‍ പെടുന്നുണ്ട്.
നിക്ഷേപകര്‍ നല്‍കിയ തുക പോസ്റ്റോഫീസില്‍ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വച്ച്‌ നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുന്‍പ് പാസ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച്‌ ബോധ്യപ്പെടുത്തേണ്ടതാണ്. ഇതുസംബന്ധിച്ച കൃത്യമായ മാര്‍ഗരേഖ ദേശീയ സമ്ബാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. സംശയങ്ങള്‍ക്ക് അടുത്തുള്ള പോസ്റ്റോഫീസ് സന്ദര്‍ശിക്കാം.
ചെറിയതുക മാസംതോറും സ്ഥിരമായി നീക്കിവെയ്ക്കാന്‍ കഴിയുമെങ്കില്‍ എസ്.ഐ.പി മാതൃകയില്‍ നേട്ടമുണ്ടാക്കന്‍
ബാങ്കില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ പോസ്റ്റ് ഓഫീസിലെ ആര്‍ഡിയില്‍നിന്ന് ലഭിക്കും എന്നുള്ളതാണ് മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ആര്‍ഡി നിക്ഷേപങ്ങളെ വ്യത്യസ്തമാക്കുന്നത്. അഞ്ചുവര്‍ഷമാണ് നിക്ഷേപ കാലാവധി. കുറഞ്ഞത് പ്രതിമാസം 100 രൂപയെങ്കിലും നിക്ഷേപിക്കണം. 5.8ശതമാനമാണ് പലിശ. മൂന്നുമാസം കൂടുമ്പോള്‍ പലിശ അക്കൗണ്ടില്‍ വരവുവെയ്ക്കും. കാലാവധി അഞ്ചുവര്‍ഷമാണെങ്കിലും മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ ആവശ്യമെങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും.

Related Articles

Back to top button